പറവൂർ : (piravomnews.in) വയോധികരായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി(52)യെ പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വീട്ടിൽ അതിക്രമിച്ചുകയറി കൊല നടത്തി കവർച്ച ചെയ്‌തതിനും തെളിവുനശിപ്പിച്ചതിനും വിവിധ കാലയളവുകളിലായി 14 വർഷം അധികതടവും എല്ലാ വകുപ്പുകളിലുമായി 3,35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ വീണ്ടും അധികതടവ് അനുഭവിക്കണം.

2014 ഏപ്രിൽ രണ്ടിന് രാത്രി വടക്കേക്കര തുരുത്തിപ്പുറം കുനിയൻതോടത്ത് വീട്ടിൽ ജോസ് (70), ഭാര്യ റോസിലി (62) എന്നിവരാണ് കൊല്ലപ്പെട്ടത്.നീണ്ടൂർ സ്വദേശിയായ ജോഷി, മലപ്പുറം പുളിക്കൽ ചെറുകാവ് ഭാഗത്തുനിന്ന് വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു.
നീണ്ടൂരിൽ ഉണ്ടായിരുന്ന സമയത്ത് ജോസ്–-റോസിലി ദമ്പതികളുടെ മകൻ റോജോയുടെ സുഹൃത്തായിരുന്ന ജോഷി കുനിയന്തോടത്ത് വീട്ടിൽ പതിവായി എത്തിയിരുന്നു. ഒരു കേസിൽപ്പെട്ട് റോജോ ഒളിവിൽപ്പോയതോടെ ഒറ്റയ്ക്കായ ജോസിനെയും റോസിലിയെയും സന്ദർശിച്ച് ജോഷി പരിചയം പുതുക്കി.
പിന്നീട് ആസൂത്രിതമായി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി. കൊലയ്ക്കുശേഷം റോസിലി ധരിച്ചിരുന്ന സ്വർണമാല, വളകൾ, മോതിരം എന്നിവയുമായി കടന്നു.ജോസിന്റെ മൃതദേഹം വീടിന്റെ ഒന്നാംനിലയിലെ ഹാളിലും റോസിലിയുടേത് ഗോവണിയിലുമാണ്കിടന്നിരുന്നത്.
കൃത്യത്തിനുശേഷം മലപ്പുറം പുളിക്കൽ എത്തി മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വിറ്റും ബാക്കി പണയംവച്ചും പണം സമ്പാദിച്ച ജോഷി, അതുപയോഗിച്ച് വീട്ടുപകരണങ്ങളും വേറെ ആഭരണങ്ങളും വാങ്ങി.
സംഭവസ്ഥലത്ത് തെളിവുകൾ അവശേഷിപ്പിക്കാതെ കൊല നടത്തി രക്ഷപ്പെട്ട ജോഷിയെ കുടുക്കിയത് മലപ്പുറത്തേക്ക് പോകാൻ വിളിച്ച ടാക്സി ഡ്രൈവർ മണിയപ്പന്റെ മൊഴിയാണ്. മലപ്പുറത്ത് എത്തിയ ജോഷി മണിയപ്പന്റെ വിസിറ്റിങ് കാർഡ് വാങ്ങിയിരുന്നു.
പിന്നീട് മണിയപ്പനെ വിളിച്ച് കൊലപാതകത്തെക്കുറിച്ച് പത്രവാർത്ത കണ്ടതായി പറഞ്ഞു. ജോഷിയുടെ സംസാരത്തിൽ സംശയം തോന്നിയ മണിയപ്പൻ പൊലീസിൽ വിവരമറിയിച്ചു.
തുടർന്നാണ് ജോഷി പിടിയിലായത്. കവർച്ച ചെയ്‌ത സ്വർണവും കൊല ചെയ്യാൻ ഉപയോഗിച്ച വാക്കത്തിയും പൊലീസ് കണ്ടെടുത്തു.
#Couple's #murder: #Accused gets #double #life #sentence
