പിറവം : (piravomnews.in) ഒരു വീടെന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാൽ അത് സ്വന്തമാക്കാൻ സാമ്പത്തിക പിന്തുണ ഇല്ലാത്ത എത്രയോ ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്.
ആയതിനാൽ എന്റെ ഭവനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പിറവം നഗരസഭയിലെ ഭൂരഹിത ഭവനരഹിതർക്കായി മനസ്സോടിത്തിരി മണ്ണ് പദ്ധതിക്ക് തുടക്കമായി. ഭവനരഹിതരായ 153 ഗുണഭോക്താക്കൾക്കായി മൂന്നുസെന്റ് ഭൂമിയെങ്കിലും ദാനം ചെയ്യുന്നതിന് സന്മനസ്സുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടെത്തുകയാണ് ലക്ഷ്യം.

നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. പിറവം സണ്ണി ഓണശേരിൽ ആറ് സെന്റിന്റെ രേഖകൾ കൈമാറി. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്, തോമസ് മല്ലിപ്പുറം, പി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭൂമി കൈമാറാൻ താൽപ്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Welcome to those with good intentions; Manasodithiri soil project begins in Piravath
