ആലുവ : (piravomnews.in) എടയാർ വ്യവസായമേഖലയിലെ ടെക്‌സ്മ ഫിനോയിൽ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് കരുതുന്നത്. ജ്യോതി കെമിക്കൽസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ചൊവ്വ രാത്രി എട്ടിനായിരുന്നു തീപിടിത്തം. കമ്പനി പ്രവർത്തനസമയം കഴിഞ്ഞായതിനാൽ ആളപായമില്ല.

തീപിടിത്തം കണ്ട നാട്ടുകാരാണ് അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചത്. വലിയ പൊട്ടിത്തെറിയിൽ തീ ആളിപ്പടർന്നതോടെ കമ്പനി ഏറെക്കുറെ കത്തിയമർന്നു. ഫിനോയിലും മറ്റു ക്ലീനിങ് കെമിക്കലുകളും സൂക്ഷിച്ചിരുന്നതിനാൽ തീയണയ്‌ക്കൽ ശ്രമകരമായി.
സമീപം പെട്രോളിയം ഉൽപ്പന്നങ്ങൾകൊണ്ട് പാവ ഉണ്ടാക്കുന്ന കമ്പനിയും പ്ലാസ്റ്റിക് ചാക്ക് നിർമാണ യൂണിറ്റുകളുമുണ്ട്. അഗ്‌നി രക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്‌നി രക്ഷാസേനയുടെ ഏലൂർ, ആലുവ, തൃക്കാക്കര, പറവൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽനിന്നായി പത്തോളം യൂണിറ്റുകൾ എത്തി രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കമ്പനിക്ക് എടയാർ വ്യവസായമേഖലയിൽ മൂന്ന് യൂണിറ്റുകളുണ്ട്.
പാതാളം പാലത്തിനുസമീപത്തുള്ള കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഉൽപ്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂർണമായും കത്തിനശിച്ചു. നഷ്ടം പൂർണമായി കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് സംശയം. വരുംദിവസം വിദഗ്‌ധപരിശോധന ഉണ്ടാകും.
A huge #fire #broke out in the Texma #Finoil #construction #company
