പിറവം : (piravomnews.in) തോട്ടറ പുഞ്ച പൂർണമായും കൃഷിയോഗ്യമാക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ, കൃഷിവകുപ്പ്, പടശേഖരസമിതികൾ എന്നിവയെ ഏകോപിപ്പിച്ച് ഹരിതകേരളമിഷന്റെ കർമപദ്ധതിക്ക് തുടക്കമായി.

എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിലെയും ഒമ്പതു പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് തോട്ടറ പുഞ്ച.
മിഷന്റെ സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥർ പുഞ്ച സന്ദർശിച്ച് കൃഷിയുടെയും ജലസേചനത്തിന്റെയും പ്രശ്നങ്ങൾ കർഷകരോട് നേരിട്ട് ചോദിച്ചറിഞ്ഞു.
പാടശേഖരസമിതി ഭാരവാഹികൾ, വാർഡ് അംഗങ്ങൾ, ഏടയ്ക്കാട്ടുവയൽ–-ആമ്പല്ലൂർ പഞ്ചായത്തുകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തയോഗത്തിൽ പദ്ധതി അവലോകനം നടത്തി.
തോട്ടറ പുഞ്ച വികസനസമിതി ചെയർമാൻ ടി ആർ ഗോവിന്ദൻ സമിതിയുടെ പഠനറിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷനായി.
ഹരിതകേരളം മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ എസ് രഞ്ജിനി, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ യു സുരേഷ്, ഗോപിക എം ചന്ദ്രൻ, ശ്രീബാല അജിത് എന്നിവർ സംസാരിച്ചു.
പുഞ്ച കൃഷിയോഗ്യമാക്കുന്നതിന് ഓരോ പാടശേഖരത്തിലും അടിയന്തരമായും ദീർഘകാല അടിസ്ഥാനത്തിലും ചെയ്യേണ്ട പ്രവൃത്തികൾ പാടശേഖരസമിതി ഭാരവാഹികൾ അവതരിപ്പിച്ചു.
and #Thotara #Puncha #Kathirani
