---
title: "#police | പൊലീസ് ലോക്കപ്പിൽ ക്രൂരമർദനമേറ്റ യുവാവ്‌ ഭക്ഷണംപോലും കഴിക്കാനാകാതെ അവശനിലയിൽ"
english_title: "A #youngman who was #brutally #beaten up in the #police lock-up is unable to #eat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187344/a-youngman-who-was-brutally-beaten-up-in-the-police-lock-up-is-unable-to-eat"
published_at: "2024-02-26T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dbde180f4b1_police.jpg"
keywords: []
---

# #police | പൊലീസ് ലോക്കപ്പിൽ ക്രൂരമർദനമേറ്റ യുവാവ്‌ ഭക്ഷണംപോലും കഴിക്കാനാകാതെ അവശനിലയിൽ

> **Lead Summary:** **കൊച്ചി : ** പാലാരിവട്ടം പൊലീസ് ലോക്കപ്പിൽ ക്രൂരമർദനമേറ്റ യുവാവ്‌ ഭക്ഷണംപോലും കഴിക്കാനാകാതെ അവശനിലയിൽ.

## Article Content

**കൊച്ചി : ** പാലാരിവട്ടം പൊലീസ് ലോക്കപ്പിൽ ക്രൂരമർദനമേറ്റ യുവാവ്‌ ഭക്ഷണംപോലും കഴിക്കാനാകാതെ അവശനിലയിൽ.

പൊലീസ്‌ ആവശ്യപ്രകാരം സ്‌റ്റേഷനിൽ കീഴടങ്ങിയ തൃക്കാക്കര കിഴക്കേതായത്തുവീട്ടിൽ വി എം മുഹമ്മദ്‌ സിഫി (32)നാണ്‌ മണിക്കൂറുകളോളം ലോക്കപ്പിൽ കൊടുംമർദനമേറ്റത്‌.

കടുത്ത ശാരീരികാവശതകളോടെ മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിഫിനെ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌ മണി, തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ എന്നിവർ സന്ദർശിച്ചു.

ക്രിമിനൽ കേസുകളിൽ പ്രതിയായ ജോഷി എന്നയാളുടെ പരാതിയിൽ കഴിഞ്ഞ വെള്ളി പകൽ 11നാണ്‌ സിഫിൻ കീഴടങ്ങിയത്‌. തുടർന്ന്‌ സർക്കിൾ ഇൻസ്‌പെക്‌ടർ ഡി മിഥുൻ, സബ്‌ ഇൻസ്‌പെക്‌ടർ എസ്‌ പി ആൽബി എന്നിവർ ചേർന്ന്‌ മർദിക്കുകയായിരുന്നെന്ന്‌ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ സിഫിൻ പറഞ്ഞു.

മുട്ടുകുത്തിനിറുത്തി നെഞ്ചിലും പുറത്തും മർദിച്ചു. ഇരുകൈയും ചേർത്ത്‌ ചെകിട്ടത്ത്‌ അടിച്ചു. വീട്ടിലുള്ള സ്‌ത്രീകളെക്കുറിച്ച്‌ കേട്ടാലറയ്‌ക്കുന്ന അസഭ്യം വിളിച്ചു. മർദനത്തിനുശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ സിഫിന്റെ അവശനില കണ്ട്‌ ജഡ്‌ജി നിർദേശിച്ചപ്രകാരമാണ്‌ പൊലീസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

മുഖത്തേറ്റ മർദനംമൂലം ഭക്ഷണം കഴിക്കാൻപോലും വായ തുറക്കനാവാത്ത സ്ഥിതിയാണ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ്‌ സ്ഥാപനം നടത്തുന്ന സിഫിന്റെ രണ്ട്‌ സുഹൃത്തുക്കൾ പ്രതികളായ കേസിലാണ്‌ സിഫിനെയും പ്രതിചേർത്തിട്ടുള്ളത്‌. അവരുമായുള്ള പണമിടപാടിലെ തർക്കത്തിന്റെ പേരിൽ ജോഷി നൽകിയ കേസിൽ അന്യായമായി തന്നെയും പ്രതിചേർത്തതാണെന്ന്‌ സിഫിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187344/a-youngman-who-was-brutally-beaten-up-in-the-police-lock-up-is-unable-to-eat)