തിരുവനന്തപുരം : (piravomnews.in) നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം ഇന്നലെ വൈകിട്ട് തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനൽവേലി സ്വദേശി വിപിൻ രാജ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഒന്നാം തീയതി മധ്യവയസ്കയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ഥിരമായി പള്ളികൾ സന്ദർശിക്കുന്ന സ്ത്രീയാണിവർ. തുടർന്ന് പള്ളികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇവർ വർക്കലയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ വൈകിട്ടാണ് തിരുനെൽവേലി പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ട് കാണാതായ സ്ത്രീയെ പീഡനത്തിനിരയായി മരിച്ച നിലയ കണ്ടെത്തിയതായ വിവരം അറിയിക്കുന്നത്.
വഴിയിൽ കണ്ട സ്ത്രീയെ ബസ് സ്റ്റാൻഡിൽ ആക്കാം എന്ന് പറഞ്ഞു വിപിൻ രാജ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. പോകുന്ന വഴി ഒഴിഞ്ഞ സ്ഥലത്ത് നിർത്തി പീഡിപ്പിച്ചു. നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം അവിടെയുള്ള ഒരു കുഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സമീപത്തെ വീട്ടുകാരാണ് മൃതദേഹം കണ്ട് പോലീസിൽ അറിയിച്ചത്.
ഈ സ്ത്രീയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്. തുടർന്നാണ് വിപിൻ രാജിനെ പിടികൂടുന്നത്.
സ്ത്രീയുടെ മൃതദേഹം തിരുനെൽവേലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. സ്ത്രീയുടെ ബന്ധുക്കൾ അങ്ങോട്ടേക്ക് പുറപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
Missing middle-aged woman found tortured and murdered
