പിറവം : സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് കുടുംബശ്രീ.എന്നാൽ ഇന്ന് കുടുംബശ്രീയുടെ കൈയെത്താത്തമേഖലകൾ കുറവാണ്.
പാമ്പാക്കുടയിൽ ഇതാ കുടുംബശ്രീ വായനയുടെ ലോകത്തേക്കും വാതിൽ തുറക്കുന്നു. പാമ്പാക്കുട പഞ്ചായത്ത് രണ്ടാം വാർഡിലെ ശ്രേയസ് കുടുംബശ്രീ യൂണിറ്റാണ് അയൽക്കൂട്ടം ഓഫീസിനോടുചേർന്ന് വായനശാല ഒരുക്കിയിരിക്കുന്നത്.

മഹാത്മാഗാന്ധി ഗ്രാമീണ വായനശാല എന്ന് പേരിട്ട വായനശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പുതിയ തലമുറയ്ക്ക് വായനയുടെ സംസ്കാരം പരിചയപ്പെടുത്തുന്നത് വായനശാലകളാണന്നും സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാകാം ഒരു കുടുംബശ്രീ യൂണിറ്റ് വായനശാല തുടങ്ങുന്നതെന്നും മനോജ് മൂത്തേടൻ അഭിപ്രായപ്പെട്ടു.
വായനശാലാംഗങ്ങളായ കുട്ടികൾക്ക് പുസ്‌തകങ്ങൾ നൽകിയായിരുന്നു ഉദ്ഘാടനം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനായി.അംഗം ഫിലിപ്പ് ഇരട്ടയാനിക്കൽ മുഖ്യപ്രഭാഷണം നടത്തി.
മഹാത്മാഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കോഡിനേറ്റർ എൽദോ ബാബു വട്ടക്കാവിൽ, സിഡിഎസ് അംഗം ഓമന ബാബു, അങ്കണവാടി വർക്കർ ഇ.എസ്. ലീല, കുടുംബശ്രീ പ്രസിഡന്റ് മഞ്ജുഷ അനിൽ, സെക്രട്ടറി ഇന്ദു രാജേന്ദ്രൻ, സാമൂഹിക വികസന ഉപസമിതി കൺവീനർ സന്ധ്യ മനോജ്, പ്രോഗ്രാം ഡയറക്‌ടർ ശ്രീജ പ്രതാപൻ എന്നിവർ പങ്കെടുത്തു.
വായനശാലയിൽ ആദ്യ ഘട്ടത്തിൽ വിവിധ മേഖലകളിലായുള്ള രണ്ടായിരം പുസ്തകങ്ങൾ ക്രമീകരിക്കുമെന്ന് അയൽക്കൂട്ടം കോഡിനേറ്റർ സിബി പൗലോസ് അറിയിച്ചു.
Proving strength and moving forward; Kudumbashree in Pampakkuta opens the door to the world of reading
