കൊച്ചി : (piravomnews.in) ഗതാഗത നിയമലംഘനം തടയാൻ മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹനപരിശോധന ഊർജിതമാക്കുന്നു.
വാഹനങ്ങളിലെ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളർലൈറ്റുകൾ, എൽഇഡി ലൈറ്റുകൾ, ഹൈബീം ലൈറ്റുകൾ, എയർ ഹോൺ, അമിത സൗണ്ട് ബോക്സുകൾ, അമിതലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ജനുവരി 15 വരെ കർശനപരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവുമല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിതശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്നസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശനനടപടി സ്വീകരിക്കും.
അനധികൃത എയർ ഹോൺ ഉപയോഗിച്ചാൽ 5000 രൂപവരെയാണ് പിഴ. അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചുവച്ച് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. ബൈക്കിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയാൽ ലൈസൻസ്
റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് എറണാകുളം ആർടിഒ ടി എം ജേഴ്സൺ അറിയിച്ചു.
#Scrutiny till #January #15