മാന്നാർ: (piravomnews.in) കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽനിന്നും കണ്ടെത്തി.
പന്തളം പെരുമ്പുളിക്കൽ ശ്രീനിലയം വീട്ടിൽ ശാന്ത പി നായരുടെ (75) മൃതദേഹമാണ് മാന്നാർ പാവുക്കര കൂര്യത്ത് കടവിന് പടിഞ്ഞാറ് മണലി കടവിൽ നിന്നും കണ്ടെത്തിയത്.
ഓച്ചിറ ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നതിനായി ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട ഇവരെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം മാന്നാർ പാവുക്കര മണലി കടവിൽ മുളയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേന മൃതദേഹം കരയ്ക്കടുപ്പിച്ചു.
മാന്നാർ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
The #body of the #missing old #woman was #found in the #Pampa #River