---
title: "#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി"
english_title: "#traffic #jam; No #parking #signs were #demolished"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216375/traffic-jam-no-parking-signs-were-demolished"
published_at: "2024-07-01T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682371269508_traffic.jpg"
keywords: []
---

# #traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

> **Lead Summary:** **ആലുവ : ** പറവൂര്‍ കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകൾ സമീപത്തെ വ്യാപാരസ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന്‌ പൊളിച്ചുമാറ്റി .

## Article Content

**ആലുവ : ** പറവൂര്‍ കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകൾ സമീപത്തെ വ്യാപാരസ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന്‌ പൊളിച്ചുമാറ്റി .

ട്രാഫിക് സിഗ്നലില്‍നിന്ന് പറവൂര്‍ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് അനുവദിക്കാനാണ്‌ ബോർഡുകൾ സ്ഥാപിച്ചിരുന്നത്‌. ഇതിനായി ഈ ഭാഗത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ മാറ്റിയിരുന്നു.

കടകളിലേക്കുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നതുമൂലം മറ്റുവാഹനങ്ങൾക്ക്‌ സുഗമമായി പോകാന്‍ കഴിയാറില്ല. ഇത് ദേശീയപാതയിലും വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാക്കിയിരുന്നു.

ഒരു മാസംമുമ്പ്‌ സ്ഥലത്തെത്തിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കുരുക്കൊഴിവാക്കാന്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌. ഫ്രീ ലെഫ്റ്റിനായി റോഡിന് വീതികൂട്ടിയപ്പോള്‍മുതല്‍ പാര്‍ക്കിങ്ങിനെ ചൊല്ലി വ്യാപാരികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാറുണ്ട്.

കഴിഞ്ഞയാഴ്ച ഒരു കടയിലെ ജീവനക്കാര്‍ മറ്റൊരു കടയുടമയെയും വീട്ടുകാരെയും കമ്പിവടിക്ക്‌ അടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ബോര്‍ഡുകള്‍ എടുത്തുമാറ്റി റോഡ്‌ സ്വന്തംസ്ഥാപനത്തിലെ പാര്‍ക്കിങ്ങിന്‌ ഉപയോഗിക്കാനാണ് വ്യാപാരികളുടെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന റിപ്പോര്‍ട്ട് തേടി. മന്ത്രി ഗണേഷ് കുമാര്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറോട് അടിയന്തര നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216375/traffic-jam-no-parking-signs-were-demolished)