കഥ.....തനിയെ
അങ്ങകലെയായ് ശാന്തനീലിമയിൽ വിശാലമായ കടലുകാണാം. അവൻ തീരത്തേക്ക് മെല്ലെ നടക്കുകയാണ്. ആദ്യമായിട്ടാണവൻ അത്രയുമടുത്ത് കടൽ കാണുന്നത്. തിരമാലകൾ തഴുകിയകന്നപ്പോൾ, അവൻ വിദൂരതയിലേക്കുനോക്കി നിശ്ചലനായി... എത്രനേരം അങ്ങിനെയവിടെ അവനേകനായ് നിന്നെന്നറിയില്ലാ. അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതാരും ശ്രദ്ധിച്ചതുമില്ലാ, ആരും അവനെ തടഞ്ഞതുമില്ല. സത്യത്തിൽ അവൻ, കടൽ കാണുകയായിരുന്നില്ലാ, അവന്റെ മിഴിയിലും മനസ്സിലും ഒരു രൂപം മാത്രമായിരുന്നു, അവൻ്റെ അമ്മയുടെ രൂപം... അമ്മയൊരു ആസ്മാരോഗിയാണ്, രാത്രിയാമങ്ങളിൽ നിത്യവും വലിവും ചുമയുമാണ്. എങ്കിലും, എല്ലാദിവസവും കാലത്തെഴുന്നേറ്റ് വീട്ടുജോലിക്കുപോകും. സ്കൂളിൽനിന്ന് വിശന്നുവലഞ്ഞ് മടങ്ങിവന്നാൽ അവൻ ഉമ്മറപ്പടിയിൽ, അമ്മ വരുന്നതും നോക്കിയിരിക്കും. സന്ധ്യമയങ്ങുന്നതിനുമുമ്പ് അമ്മ ഓടിക്കിതച്ച് വീട്ടിലെത്തും. തൻ്റെ മകനായ് കൈയിൽ ചെറിയൊരു പൊതിയുമുണ്ടാകും... അമ്മ, ജോലിയെടുക്കുന്ന ചിറ്റേഴത്തെ ജോസഫ് ഡോക്ടറുടെ വീട്ടിൽ, വൈകിട്ടത്തെ കാപ്പിക്കുണ്ടാക്കുന്ന പലഹാരമാണത്. അമ്മയ്ക്കുകിട്ടുന്ന പങ്കാണ് ആരും കാണാതെ, അപ്പുവിനായ് പൊതിഞ്ഞുകൊണ്ടുവരുന്നത്. പൊതി, കൈയിൽക്കിട്ടിയാൽ ഒറ്റയടിക്ക് അപ്പു, അതകാകത്താക്കും! അവൻ കഴിക്കുന്നത് നോക്കിനിന്നാൽമതി അമ്മയ്ക്ക് വയറുനിറയാൻ... പാത്രം കഴുകലും വസ്ത്രം അലക്കലും വീടും മുറ്റവും വൃത്തിയാക്കലുമൊക്കെയായ് പൊടിശല്യം അമ്മയെ വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ നിത്യവും പാതിരാവരെ അമ്മയ്ക്ക് വലിവും ചുമയുമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലാ. അച്ഛനെക്കുറിച്ച് അപ്പുവിന് മങ്ങിയയൊരു ഓർമ്മയേയുള്ളൂ. അപ്പു ചെറിയകുട്ടിയായിരുന്നപ്പോൾ കുടുംബമുപേക്ഷിച്ചു പോയതാണ്. ആരോ, തമിഴ്നാട്ടിൽ എവിടെയോവച്ച് കണ്ടുമുട്ടിയതായി പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛൻ, കുടുംബം ഉപേക്ഷിച്ചുപോയപ്പോൾ തുടങ്ങിയതാണ് അമ്മയുടെ ദുരിതജീവിതം! അങ്ങിനെ പറയുന്നതിനേക്കാൾ, ദുരിതങ്ങൾ മാത്രമാണ് ജീവിതത്തിൽ അമ്മയ്ക്ക് കൂട്ടിനുണ്ടായിരുന്നതെന്ന് പറയുന്നതായിരിക്കും യാഥാർത്ഥ്യം. എന്നെങ്കിലുമൊരുനാൾ ഏകപ്രതീക്ഷയായ മകൻ വളർന്ന് വലിയ ആളായിമാറുമെന്ന്, സ്വപ്നം കണ്ടിരുന്നിരിക്കാം അമ്മ... എന്നാൽ, അതിരുവിട്ടതിശക്തമായ പെയ്തിറങ്ങിയ മഴക്കാലംവരെ മാത്രമേ, ആ സ്വപ്നങ്ങൾക്ക് ആയുസ്സുണ്ടായിരുന്നുള്ളു. നിനച്ചിരിക്കാതെ വന്നുചേർന്ന കൊടുംപേമാരിയിൽ അവരുടെ ഓലമേഞ്ഞ കൊച്ചുവീട് ചോർന്നൊലിച്ചു. വീട്ടിലേക്കടിച്ചുകയറിയ ഊത്തലടിയിലും കൊടുംതണുപ്പിലും കാറ്റിലും അമ്മയുടെ ചുമയ്ക്കും ശ്വാസംമുട്ടലിനും ശക്തികൂടി ശമനമില്ലാതെയായി... പണിക്കുപോകാൻ പറ്റാത്ത അവസ്ഥയിൽ അമ്മ കിടപ്പിലായി. ദിവസങ്ങൾ പിന്നിട്ടിട്ടും മഴയ്ക്ക് ശമനമില്ലാതെവന്നപ്പോൾ, വീട്ടിൽ പഴങ്കഞ്ഞിപോലുമില്ലാതെയായി. വേലയ്ക്കുപോകുന്ന വീട്ടിലെ ഡോക്ടറുടെഭാര്യ കൊടുത്തുവിട്ട ഭക്ഷണവും മരുന്നും കുറച്ചുപൈസയുംകൊണ്ട് കുറച്ചുനാൾകൂടി പിടിച്ചുനിന്നു... പെട്ടന്നൊരു രാത്രിയിൽ അമ്മയും അപ്പുവും ഒരുപോള, കണ്ണടച്ചില്ലാ! അമ്മയ്ക്കസുഖം മൂർച്ചിച്ചപ്പോൾ അപ്പുതന്നെയാണ്, അടുപ്പുകത്തിച്ച് വെള്ളംചൂടാക്കി അമ്മയുടെ നെഞ്ചിൽ ചൂടുവെച്ച് കൊടുത്തത്. അമ്മയ്ക്ക് വയ്യായ്കയിൽ മിണ്ടാൻപോലും സാധിക്കുമായിരുന്നില്ല. മഴ മാറിയാൽ, പിറ്റേന്നുരാവിലെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നാൽ അമ്മയ്ക്ക് സ്വയം നടക്കുവാൻ കഴിയുമായിരുന്നില്ലാ. ജോലി ചെയ്യുന്നിടത്തെ സാറിനെക്കണ്ട് കാശുവാങ്ങി ഓട്ടോയിൽ കൊണ്ടുപോകണം. ഒക്കെയും ചിന്തിച്ച്, പുലർച്ചെയെപ്പോഴോ അപ്പുവൊന്നുമയങ്ങി... വീട്, ചോരുന്നിടത്ത് ബക്കറ്റുവച്ചാണ് അപ്പുവും അമ്മയും കിടക്കുന്നനിലത്തെ പായിലേക്ക്, മഴവെള്ളം ഒഴുകിയെത്താതെ കാത്തത്. മഴവെള്ളംനിറഞ്ഞ ബക്കറ്റിൽ, എന്തോവന്ന് വീഴുന്നശബ്ദം കേട്ടാണ് അപ്പു, ഞെട്ടിയുണർന്നത്! വെള്ളത്തിൽ വീണുപിടയുന്ന ചുണ്ടനെലിയുടെ കുഞ്ഞിനെ, കോലുകൊണ്ടുതോണ്ടി രക്ഷപെടുത്തിയശേഷം പുലർകാലത്തെ നേരിയവെളിച്ചത്തിൽ അപ്പു അമ്മയെ നോക്കിയപ്പോൾ, അമ്മ ശാന്തമായി ഉറങ്ങുകയാണ്. പാവം ഉറങ്ങട്ടെയെന്നുകരുതി അപ്പുവും, പായുടെയൊരു മൂലയിൽ വീണ്ടും തലചായ്ച്ചു. നേരം പരപരാപുലർന്നപ്പോൾ, അപ്പു എഴുന്നേറ്റ് കാപ്പിയുണ്ടാക്കി അമ്മയെ വിളിച്ചു. എത്രവിളിച്ചിട്ടും അമ്മ, അവൻ്റെ വിളികേട്ടില്ല.! അവൻ, അമ്മയെ കെട്ടിപ്പിടിച്ചുകരഞ്ഞു. പുറത്ത്, നിർത്താതെപെയ്ത മഴയിൽ അവന്റെ നിലവിളി ആരും കേട്ടില്ല. അമ്മ, അവനോട് എപ്പോഴും പറയുന്നവാക്കുകൾ അവൻ്റെ ചെവിയിൽ, ആ സമയം വീണ്ടും മന്ത്രിച്ചു; "നീയില്ലായിരുന്നെങ്കിൽ ഞാനാ കടലിൽ ചാടിയേനേ..." അവൻ, അലക്ഷ്യത്തിൽ വീടുവിട്ടിറങ്ങി. പുറത്തുനല്ല മഴയായിരുന്നു... മഴയിൽക്കുതിർന്ന അപ്പു, ഓടുകയായിരുന്നു. ദൂരെ, കടലിരമ്പുന്നത് അവന് കേൾക്കാം. അപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു...
സോമാ സുനിൽ വൈക്കം
Story thaniye