---
title: "#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ"
english_title: "2 people #arrested in the #case of trying to #stab a #youth"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216368/2-people-arrested-in-the-case-of-trying-to-stab-a-youth"
published_at: "2024-07-01T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66822f77da45b_arrest2.jpg"
keywords: []
---

# #arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

> **Lead Summary:** **പെരുമ്പാവൂർ :** വെങ്ങോല ആശാരിമോളത്ത്‌ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ വല്ലം പഞ്ചായത്ത് കിണറിനുസമീപം സ്രാമ്പിക്കൽ ഹാദിൽഷ (ആദിൽഷ, 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര മുണ്ടയ്ക്കൽ റസൽ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പെരുമ്പാവൂർ :** വെങ്ങോല ആശാരിമോളത്ത്‌ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ വല്ലം പഞ്ചായത്ത് കിണറിനുസമീപം സ്രാമ്പിക്കൽ ഹാദിൽഷ (ആദിൽഷ, 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര മുണ്ടയ്ക്കൽ റസൽ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു പ്രതി മുഹമ്മദ് (മമ്മു) സംഘർഷത്തിനിടെ പരിക്കേറ്റ്‌ പൊലീസ്‌ കസ്റ്റഡിയിൽ ചികിത്സയിലാണ്. വെള്ളി രാത്രി ആശാരിമോളം നാസ്‌വേ ബ്രിഡ്ജിനുസമീപം കാറിൽ വന്നിറങ്ങിയ പ്രതികൾ ആശാരിമോളം സ്വദേശിയെയാണ് കൊല്ലാൻ ശ്രമിച്ചത്.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ പോയ ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘമാണ് പിടികൂടിയത്. റസലിന്റെ പക്കൽനിന്ന്‌ മൂന്നുഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ഇതിന്‌ വേറെ കേസെടുത്തു. ഹാദിൽഷായ്ക്ക് പെരുമ്പാവൂർ, പാലാരിവട്ടം സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന്, അടിപിടി, കവർച്ച തുടങ്ങി 14 കേസുണ്ട്. ഇയാളെ രണ്ടുപ്രാവശ്യം കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്‌.

റസലിന് എറണാകുളം സെൻട്രൽ, നോർത്ത്‌, തൃക്കാക്കര, ഇൻഫോപാർക്ക്, പെരുമ്പാവൂർ സ്റ്റേഷനുകളിലായി ആറു മയക്കുമരുന്ന് കേസുണ്ട്.

എഎസ്‌പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ്ഐമാരായ പി എം റാസിക്, റെജിമോൻ, എഎസ്ഐമാരായ പി എ അബ്ദുൽ മനാഫ്, എ കെ സലിം, എസ്‌സിപിഒമാരായ സി കെ മീരാൻ, കെ എ അഫ്സൽ, മുഹമ്മദ് ഷാൻ, സിപിഒ ബെന്നി ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216368/2-people-arrested-in-the-case-of-trying-to-stab-a-youth)