---
title: " #fakeforeignwatches | ഒമ്പതിനായിരത്തിലേറെ വ്യാജ  വിദേശ വാച്ചുകൾ പിടികൂടി"
english_title: "More than #nine #thousand #fake #foreign #watches were #seized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215615/more-than-nine-thousand-fake-foreign-watches-were-seized"
published_at: "2024-06-28T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e485148bb4_watches.jpg"
keywords: []
---

#  #fakeforeignwatches | ഒമ്പതിനായിരത്തിലേറെ വ്യാജ  വിദേശ വാച്ചുകൾ പിടികൂടി

> **Lead Summary:** **കൊച്ചി : ** ചൈനയിൽനിന്ന് കള്ളക്കടത്തുസംഘങ്ങൾ കേരളത്തിലെത്തിച്ച വ്യാജ വിദേശ വാച്ചുകളുടെ വൻശേഖരം പിടികൂടി.

## Article Content

**കൊച്ചി : ** ചൈനയിൽനിന്ന് കള്ളക്കടത്തുസംഘങ്ങൾ കേരളത്തിലെത്തിച്ച വ്യാജ വിദേശ വാച്ചുകളുടെ വൻശേഖരം പിടികൂടി.

കൊച്ചിയിലും മലപ്പുറത്തും കസ്റ്റംസും പൊലീസും നടത്തിയ പരിശോധനയിലാണ്‌ പ്രമുഖ കമ്പനികളുടെ പേരിലിറക്കിയ ഒമ്പതിനായിരത്തിലേറെ വ്യാജ വാച്ചുകൾ പിടിച്ചെടുത്തത്‌. ഇവയ്‌ക്ക്‌ 10,000 മുതൽ മൂന്നുലക്ഷം രൂപവരെയാണ്‌ ഈടാക്കിയിരുന്നത്‌.

റാഡോ, ടിസോട്ട്, ജി ഷോക്ക്, കാസിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ലക്ഷങ്ങൾ വിലയുള്ള വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജ പതിപ്പുകളാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിച്ചത്‌. സൂക്ഷ്മപരിശോധനയിലേ ഇവ വ്യാജനെന്ന് തിരിച്ചറിയാനാകൂ.

ചൈനയിൽ നിർമിച്ച വ്യാജ വാച്ചുകൾ കേരളത്തിൽ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പൊലീസിനും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തിരൂരിലും കൊച്ചി ബ്രോഡ്‌വേയിലും കടകളിൽ വ്യാഴാഴ്‌ച ഒരേസമയം പരിശോധന നടത്തിയത്‌.

റെയ്ബാൻ അടക്കമുള്ള ബ്രാൻഡുകളുടെ പേരിലുള്ള കൂളിങ് ഗ്ലാസുകളും വിൽപ്പനയ്‌ക്ക്‌ എത്തിച്ചിരുന്നു. തിരൂരിൽ ആറു കടകളിലായിരുന്നു പരിശോധന. ചൈനീസ് വാച്ചുകളും കൂളിങ് ഗ്ലാസുകളും എത്തിക്കുന്ന വൻ കള്ളക്കടത്തുസംഘം പ്രവർത്തിക്കുന്നതായാണ്‌ അധികൃതർക്ക് ലഭിച്ച വിവരം.

ഇതേക്കുറിച്ച്‌ കസ്റ്റംസ് വിശദ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്‌ ശ്യാംസുന്ദർ, മലപ്പുറം എസ്‌പി എസ് ശശിധരൻ, കസ്റ്റംസ് പ്രിവന്റീവ് കമീഷണർ കെ പത്മാവതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215615/more-than-nine-thousand-fake-foreign-watches-were-seized)