കൊച്ചി/മൂന്നാർ/കണ്ണൂർ: (piravomnews.in) സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മൂന്നു മരണം.കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഇടുക്കി മുരിക്കാശേരി അമ്പഴത്തിങ്കൽ വീട്ടിൽ നിഖിൽ സെബാസ്റ്റ്യൻ (23) ആണ് മരിച്ചത്.ഇൻഫോപാർക്കിലെ ജീവനക്കാരനാണ്.
നെല്ലിമറ്റം കുത്തുകുഴി സങ്കീർത്തന ഓഡിറ്റോറിയത്തിനു സമീപമുണ്ടായ അപകടത്തിലാണ് നിഖിൽ മരിച്ചത്.
നെല്ലിമറ്റം ഭാഗത്ത് നിന്നും കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് ഇറക്കം ഇറങ്ങുന്ന സമയത്ത് മുരിക്കാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന നിഖിൽ സഞ്ചരിച്ച ബൈക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിഖിൽ തെറിച്ച് റോഡിൽ വീണു. മരിച്ച നിഖിൽ അവിവാഹിതനാണ്. മാതാവ് റോസി (രഞ്ജു), പിതാവ് സെബാസ്റ്റ്യന്‍, സഹോദരൻ നവീൻ.
മൂന്നാറിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ ചെണ്ടുവര സോത്തുപാറ സ്വദേശി എച്ച്.മുനിയാണ്ടി (45) മരിച്ചു.
മൂന്നാറിൽ നിന്നും സോത്തുപാറയ്ക്ക് പോകുന്നതിനിടയിൽ പെരിയവരയ്ക്ക് സമീപത്തുവച്ചുള്ള അപകടത്തിലാണ് മുനിയാണ്ടി മരിച്ചത്. ആറു യാത്രക്കാർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.
കണ്ണൂർ മാനന്തേരിയിൽ കാർ മരത്തിലിടിച്ച് അയ്യപ്പൻകാവ് സ്വദേശി ജമീല (53) മരിച്ചു.കൊച്ചുമകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.കണ്ണൂർ മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞാണ് ജമീല മരിച്ചത്.
ജമീലയുടെ മകൾ ജംഷീദ (36), ജംഷീദയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്ദുൽ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസിറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടം.
ഈ വർഷം ഇതുവരെയുണ്ടായത് 17,409 അപകടങ്ങൾ. 1393 മരണമുണ്ടായി. മഴക്കാലത്ത് കൂടുതൽ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നു മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു.
മഴയിൽ ഡ്രൈവർക്ക് കാഴ്ച പരിമിതിയുണ്ടാകും. റോഡുകളിൽ തെന്നൽ ഉണ്ടാകും. ടയറിന്റെ ഗ്രിപ്പ് മഴക്കാലത്ത് കുറയും.
A #young #man #died in a #collision #between a #bike and a #pickup #van in #Kothamangalam; #Three #died in car #accidents