---
title: "#RajagiriHospital | രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി"
english_title: "#Aluva #Rajagiri #Hospital #solved a #two-year-old #boy's #colon #problem #through #robotic #surgery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215590/aluva-rajagiri-hospital-solved-a-two-year-old-boys-colon-problem-through-robotic-surgery"
published_at: "2024-06-28T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e379660292_surgery.jpg"
keywords: []
---

# #RajagiriHospital | രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി

> **Lead Summary:** ആലുവ : രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം.

## Article Content

ആലുവ : രണ്ടുവയസ്സുകാരന്റെ വൻകുടൽ തകരാറ്‌ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം.

വൻകുടലിലെ ചലിക്കുന്ന ഞരമ്പുകളുടെ അഭാവത്തെ തുടർന്ന് മലം തങ്ങിനിൽക്കുന്ന ഹിർഷ്‌സ്പ്രംഗ്സ് രോഗാവസ്ഥയാണ് റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ചത്. വയർവീക്കം, മലബന്ധം, ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് രണ്ടുവയസ്സുകാരനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദഗ്‌ധപരിശോധനയിൽ വൻകുടലിലെ ചലിക്കാത്ത പേശികളാണ് മലബന്ധത്തിനും അണുബാധയ്ക്കും കാരണമെന്ന് വ്യക്തമായി. നേരിട്ട് ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ ആദ്യം താൽക്കാലികമായി ഒരു സ്റ്റോമ (മലം വൻകുടലിൽനിന്ന്‌ നേരിട്ട് ശേഖരിക്കുന്നതിനുള്ള ബാഗ്) ഉണ്ടാക്കിയശേഷമായിരുന്നു സർജറി.

കൃത്യത, സൂക്ഷ്‌മത, കുട്ടിയുടെ പ്രായം എന്നിവ പരിഗണിച്ച് റോബോട്ടിക് സർജറി നടത്തി ചെറിയ മുറിവിലൂടെ വൻകുടലിലെ ചലിക്കാത്ത പേശികൾ മുറിച്ചുമാറ്റി മലദ്വാരവുമായി സംയോജിപ്പിച്ചു.

ഇന്ത്യയിൽ ഹിർഷ്‌സ്പ്രംഗ്സ് രോഗത്തിന് റോബോട്ടിക് സർജറി നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. രോഗം പൂർണമായും ഭേദമായി രണ്ടുവയസ്സുകാരൻ വീട്ടിലേക്ക് മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215590/aluva-rajagiri-hospital-solved-a-two-year-old-boys-colon-problem-through-robotic-surgery)