ന്യൂഡൽഹി: (piravomnews.in) കാനഡയിൽ പരിശീലനത്തിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജയാണ് ഇക്കാര്യം സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്.
ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ച് എൻഒസിക്കുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈ 24ന് ടൊറോൻ്റോയിൽ നിന്നും പുറപ്പെടുന്ന എ ഐ 188 വിമാനത്തിൽ മൃതദേഹം 25ന് ഉച്ച 2.40ന് ഡൽഹിയിൽ എത്തിക്കും. 26ന് 8.10 നുള്ള എഐ 833 നമ്പർ വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിക്കും.

ജൂലൈ 8ന് കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്ത് പ്രാദേശികസമയം ചൊവ്വ രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠി സാവന്ന മേയ് റോയ്സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിനുപുറത്ത് വയലിൽ തകർന്നുവീണു.
ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിങ് സ്കൂൾ വിദ്യാർഥികളായ ഇരുവരും വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ്. സഹോദരി: സംയുക്ത.
The body of Srihari, who died in a small plane collision in Canada, will be brought home on the 26th.
