ആലുവ : നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം. എംഇഎസ് കവലയ്ക്കു സമീപം പെരിയാർവാലി കനാൽ റോഡിൽ പ്രവർത്തിക്കുന്ന സഫാ പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്.
ഡ്രയറിൽ ഉണക്കാനായി വെച്ചിരുന്ന പ്ലൈവുഡിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ബോയറിൽ നിന്നു തീപടർന്നത്. തീയണയ്ക്കാൻ ആലുവ, ഗാന്ധിനഗർ, ഏലൂർ, പട്ടിമറ്റം, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി.

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനായിരം, അയ്യായിരം ചതുരശ്രയടി വിസ്തൃതിയുള്ള രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. 5,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പൂർണമായി കത്തി. ഇതിനകത്തുണ്ടായിരുന്ന പ്ലൈവുഡുകൾ, വയറിങ് പാനൽ, സോളാർ പാനലുകൾ എന്നിവയും അഗ്നിക്കിരയായി. മൂന്നുകോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Fire breaks out at plywood company in Fourth Mile Industrial Area
