എടയ്ക്കാട്ടുവയൽ : (piravomnews.in) സ്കൂൾ കെട്ടിടത്തിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ കെട്ടിച്ചതാണ്. അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാം ഒരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
ഇപ്പോഴിതാ എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്തിലെ വെളിയനാട് സെയ്ന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തോടുചേർന്ന് വൈദ്യുതി ലൈൻ പോകുന്നു. ലൈൻ മാറ്റണമെന്ന് സ്‌കൂളധികൃതരും പഞ്ചായത്തും പല തവണ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി ആരക്കുന്നം സെക്ഷൻ ഓഫീസ് നടപടിയെടുക്കുന്നില്ലന്ന് ആക്ഷേപം.

എന്നാൽ സ്കൂളിൻ്റെ മതിൽ കെട്ടുമ്പോൾ വൈദ്യുതി ലൈൻ ഉണ്ടായിരുന്നെന്നും ശ്രദ്ധിച്ചു വേണമായിരുന്നു സ്‌കൂൾ മതിൽ കെട്ടേണ്ടിയിരുന്നതെന്നും കെഎസ്ഇബി പറയുന്നു. ലൈൻ മാറ്റാനുള്ള നടപടിയെടുക്കുമെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടാക്കുമെന്ന ആശങ്കയിൽ 2023 മുതൽ പല തവണ അപേക്ഷകളും കത്തുകളും മെയിലുകളും ആരക്കുന്നം കെഎസ്ഇബി ഓഫീസിൽ നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സ്‌കൂളധികൃതർ പറയുന്നു. വീതിയുള്ള മതിലായതിനാൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പലപ്പോഴും മതിലിൽ കയറി നിൽക്കാറുണ്ട്. പലപ്പോഴും അധ്യാപകരുൾപ്പെടെ ആവർത്തിച്ചു പറഞ്ഞാണ് വിദ്യാർഥികളെ മതിലിൽ കയറുന്നതിൽനിന്ന് പിന്തിരിപ്പിക്കാറുള്ളത്.
അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് നടപടിയെടുക്കാതെ വന്നതോടെ കഴിഞ്ഞദിവസം ചോറ്റാനിക്കരയിലെ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനിയർക്കു പരാതി നൽകിയിട്ടുണ്ടെന്ന് ഹെഡ്‌മാസ്റ്റർ ഏലിയാസ് പോൾ അറിയിച്ചു. 11 കെവി ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന പോസ്റ്റ് മതിലിനോട് ചേർന്നാണിട്ടിരിക്കുന്നത്. കൂടാതെ സ്റ്റേ വലിച്ചിരിക്കുന്നത് സ്‌കൂൾ മുറ്റത്തേക്കാണ്.
അടിയന്തരമായി ലൈൻ മാറ്റാൻ നടപടി വേണമെന്നാണ് സ്‌കൂളധികൃതരുടെ ആവശ്യം. വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് ഒന്നരവർഷംമുൻപ് താൻ എൻജിനിയറോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് ആരക്കുന്നം സെക്ഷൻ അസിസ്റ്റന്റ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ജയകുമാർ പറഞ്ഞു. എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്‌കൂളധികൃതരെക്കൊണ്ട് വീണ്ടും അപേക്ഷ നൽകിച്ചിട്ടും കെഎസ്‌ഇബി നടപടിയെടുത്തില്ലെന്ന് ജയകുമാർ പറഞ്ഞു.
Danger trap? Power line next to school yard
