കൊച്ചി : (piravomnews.in) വടുതലയിൽ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫറിന് (ക്രിസ്റ്റി–-52) നാട് കണ്ണീരോടെ വിടനൽകി.
തിങ്കൾ പകൽ 3.30ന് വടുതലയിലെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ നാടൊന്നായി എത്തി. പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഭാര്യ മേരിക്ക് സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനാകാത്തത് ദുഃഖത്തിന്റെ തീവ്രത കൂട്ടി.മേരിയുടെ പൊള്ളലേറ്റ കൈയ്‌ക്കുള്ള ശസ്ത്രക്രിയ ലൂർദ് ആശുപത്രിയിൽ നടന്നു.

മേരിയെ പ്രത്യേകപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ക്രിസ്റ്റഫറിന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം വടുതലയിലെ വീട്ടിലെത്തിച്ചു. സഹോദരങ്ങളായ ഐസക്കിനും ജാക്വിലിനും ക്രിസ്റ്റഫറിന്റെ മൃതദേഹം കാണാനാകാതെ വിങ്ങിപ്പൊട്ടി.
വീട്ടിൽ പൊതുദര്‍ശനത്തിനുശേഷം ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ടി ജെ വിനോദ് എംഎൽഎ, പി എൻ സീനുലാൽ, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഷാജി പ്രണത തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു.
Heartbroken, the country bids farewell to Christopher with tears
