കോതമംഗലം : (piravomnews.in) വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് വിശദ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറി.
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തുണ്ടം റേഞ്ച് ഓഫീസർ റിപ്പോർട്ട് കൈമാറിയത്. മാസങ്ങളായി വടാട്ടുപാറയിൽ വളർത്തുനായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർന്നതോടെയാണ് നടപടി.

മാർച്ചുമുതൽ ജൂലൈവരെ പലവൻപടി, ചക്കിമേട്, പാർടി ഓഫീസുംപടി, അരീക്കാ സിറ്റി, റോക്ക് ജങ്‌ഷൻ, മരപ്പാലം എന്നിവിടങ്ങളിലാണ് നാട്ടുകാർ പുലിയെ കണ്ടത്.
രണ്ടു നായ്ക്കളെ ആക്രമിച്ച് ഭക്ഷിക്കുകയും രണ്ടു നായ്ക്കളെ കൊല്ലുകയും ചെയ്‌തു. പുലി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുലിയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളും വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണം ഉണ്ടായ വീടുകളും ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു.
റേഞ്ച് ഓഫീസർ നിഖിൽ ജെറോം, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി എം അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ എം വിനോദ്, കെ ബി ഷനിൽ, എം കെ രാമചന്ദ്രൻ, കെ എം വിനോദ്, എൽദോസ് പോൾ, പി ബി സന്തോഷ്, സുരേഷ് എന്നിവരും എംഎൽഎയ്‌ക്കൊപ്പം ഉണ്ടായി.
Presence of a tiger? Report handed over to DFO
