തൃശൂര്‍: (piravomnews.in) യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടു പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 18ന് രാത്രിയില്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി റഹ്മത്ത് നഗര്‍ സ്വദേശി ഫാസില്‍ (24), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ. വളവ് വീട്ടില്‍ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്.

പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും നടുവിൽക്കരയിലെ ദേശീയപാത നിർമാണ സ്ഥലത്തേക്ക് നടുവിൽക്കര സ്വദേശിയായ യുവാവിനെ വിളിച്ചു വരുത്തി അവിടെനിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്കൂട്ടറിൽ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു.
ഈ കേസിലെ പരാതിക്കാരൻ്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂൺ 29ന് തൃത്തല്ലൂർ വച്ച് നടന്ന അടിപിടിയിൽ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്.
യുവാവിൻ്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർന്നു.ജൂലൈ 18ന് രാത്രിയിൽ ഒരു യുവാവിനെ നടുവിൽക്കരയിൽ നിന്നും കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജുവും എസ്.ഐമാരായ സനദ് എൻ പ്രദീപും പോലീസ് സംഘവും പരാതിക്കാരനെ തടഞ്ഞ് വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിൻ പറമ്പിലെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു.തുടർന്ന് ഈ സ്ഥലത്തിൻ്റെ ഉടമയും പ്രതിയുമായ ഷിഫാസ്, അഷ്‌ഫാക്ക്, ആഷിഖ്, ഷാഫി എന്നീ നാല് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലത്തുനിന്ന് പിടികൂടി.
പൊലീസ് വരുന്നത് കണ്ട് മറ്റു പ്രതികൾ ഇരുട്ടിൻ്റെ മറവിൽ പരാതിക്കാരനെ ബലമായി പിടിച്ചുവലിച്ച് മറ്റൊരു സ്ഥലത്തേ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രധാന പ്രതിയായ ബിൻഷാദ്, അസ്‌ലം, ഫാസിൽ, റയീസ് എന്നിവരെ വടക്കേക്കാട് മല്ലാട് ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
ബിൻഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളാണ്. വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം എന്നിങ്ങനെയുള്ള 25 ക്രിമിനൽ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.
കാപ്പ നിയമ പ്രകാരം നാടുകടത്തലിന് വിധേയനാക്കിയ പ്രതിയുമാണ് ബിൻഷാദ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു വധശ്രമക്കേസിൽ ഏഴര വർഷം ശിക്ഷ ലഭിച്ചിരുന്നു. ജയിലിൽ കഴിഞ്ഞു വരവെ കോടതിയിൽനിന്ന് അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്.
മുഹമ്മദ് അഷ്ഫാക്ക് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. ഷിഫാസ് പാലക്കാട് വാളയാർ എക്സൈസ് ഓഫീസിൽ മയക്ക് മരുന്ന് വിൽപനക്കായി കടത്തിയ കേസിലെയും ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതിയാണ്. ഫാസിൽ എളമക്കര പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസിൽ പ്രതിയാണ്.
മുഹമ്മദ് റയീസ് വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിയാണ്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. രാജു വി.കെ, വാടാനപ്പള്ളി ഇൻസ്പെക്ടർ ഷൈജു എൻ.ബി, പ്രോബേഷൻ എസ്.ഐ. സനദ് എൻ. പ്രദീപ്, എസ്.ഐ.മാരായ ഷാഫി യുസഫ്, പ്രദീപ് സി.ആർ., എ.എസ്.ഐ. ലിജു ഇല്യാനി, എസ്.സി.പി.ഒ. ജിനേഷ്, രാജ് കുമാർ, സി.പി.ഒ. മാരായ നിഷാന്ത്, ബിജു, സുർജിത്ത്, അഖിൽ, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
A young man was summoned by a gang leader, who was trying to kill him by hanging him with a rope around his neck. Eight people, including the gang leader, were arrested.
