കൂത്താട്ടുകുളം : കനത്ത മഴയെത്തുടർന്ന്പാലക്കുഴ പഞ്ചായത്തിലെ മാറിക വാലമ്പാറയിൽ കഴിമറ്റത്തിൽ രാജേഷിൻ്റെ വീടിന്റെ ഒരുഭാഗം തകർന്നു. ബാത്ത്റൂം, പോർച്ച് എന്നിവയും വീടിന്റെ കോൺക്രീറ്റ് തൂണും ഭിത്തിയും ഇടിഞ്ഞുവീണു.
വീടിന്റെ പിന്നിലെ സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ടാക്കി മാറ്റുന്നതിനിടയിലാണ് പോർച്ചിന്റെ തറഭാഗം ഇടിഞ്ഞുവീണത്. രാജേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു.രാജേഷിന്റെ ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിലായിരുന്നു. ആർക്കും പരിക്കില്ല. ബാത്ത്റൂം ഉൾപ്പെടെ തകർന്നതിനാൽ വീട്ടിൽ താമസിക്കാൻ പറ്റാതായി.

കോൺക്രീറ്റ് തൂണുകൾക്കും ഭിത്തിക്കും വിള്ളലുണ്ട്. വീട്ടുപകരണങ്ങൾ മണ്ണിനടിയിലായി. വാടകവീട് തേടേണ്ട സ്ഥിതിയാണെന്ന് രാജേഷ് പറഞ്ഞു.മാറിക വാഴയിൽ ബേബിയുടെ വീടിനോട് ചേർന്നുള്ള പുകപ്പുര മഴയിൽ തകർന്നുവീണു.
പാലക്കുഴ മാറിക ഇലവുങ്കൽ ജോസിൻ്റെ വീടിനോട് ചേർന്നുള്ള ഇലവുങ്കൽ തോടിന്റെ സംരക്ഷണഭിത്തിയും പുരയിടവും ശക്തമായ മഴയിൽ ഇടിഞ്ഞുവീണു. വീട് അപകടാവസ്ഥയിലാണ്. 30 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും മണ്ണും കല്ലുകളും തോട്ടിലേക്ക് ഇടിഞ്ഞുവീണിരിക്കുകയാണ്.
എംവിഐപി കനാൽ പദ്ധതിയിൽനിന്നും വെള്ളം തോട്ടിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി നിർമിച്ച കോൺക്രീറ്റ് ഭാഗം ഉൾപ്പെടെ തകർന്നു. സമീപത്തുള്ള കിണറും അപകടാവസ്ഥയിലാണ്. പാലക്കുഴ ഗ്രാമപ്പഞ്ചായത്തംഗം മാണിക്കുഞ്ഞ്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. മാറിക വലിയതോട്ടിൽ വെള്ളം നിറഞ്ഞതോടെ പുരയിടങ്ങളിൽ വെള്ളം കയറി. പാലക്കുഴ മാറിക വാലമ്പാറ കഴിമറ്റത്തിൽ രാജേഷിന്റെ വീട് മഴയിൽ ഇടിഞ്ഞുവീണ നിലയിൽ
Miraculous rescue; Part of house collapses in Koothattukulam due to heavy rain
