മൂവാറ്റുപുഴ : (piravomnews.in) നഗരത്തിന്റെ മുഖഛായ മാറ്റുന്ന മൂന്നാം പാലം ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും ഭീഷണിയാകും.
എന്നാൽ നിലവിലെ രൂപത്തിൽ അല്ലെങ്കിലും ടൗൺഹാൾ നിലനിർത്തിക്കൊണ്ടു തന്നെ പാലം യാഥാർഥ്യമാക്കാനാണു ശ്രമം എന്നും ഭൂമി ഏറ്റെടുക്കൽ കീറാമുട്ടി ആകില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ചിൽഡ്രൻസ് പാർക്കും ടൗൺ ഹാളിന്റെ മുൻഭാഗവും വിട്ടു നൽകാൻ തയാറാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
കച്ചേരിത്താഴത്ത് നിലവിലുള്ള 2 പാലത്തിനു സമാന്തരമായി ചിൽഡ്രൻസ് പാർക്കിന്റെയും ടൗൺ ഹാളിന്റെയും വശത്തു കൂടിയാണ് മൂന്നാമത്തെ പാലം നിർമിക്കുന്നത്. മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.
കച്ചേരിത്താഴത്തു നിന്ന് ആരംഭിച്ച് നെഹ്റു പാർക്കിൽ റോഡിനോടു ചേരുന്ന വിധത്തിലാണ് പാലം നിർമിക്കുക. ടൗൺഹാളിനു കൂടുതൽ ഭീഷണിയാകാതെ പാലത്തിന്റെ രൂപരേഖ തയാറാക്കാനാണു ശ്രമിക്കുന്നത്.
ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും പിന്നിലൂടെ വെള്ളൂർകുന്നം ക്ഷേത്രത്തിനു മുൻവശത്തു കൂടി പാലം നിർമിക്കാൻ ആദ്യം ആലോചിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ ഉയർന്നതോടെയാണ് പാർക്കിന്റെയും ടൗൺ ഹാളിന്റെയും ഉള്ളിലൂടെ തന്നെ പാലം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
The third bridge will threaten the Children's Park and Town Hall
