കോതമംഗലം : (piravomnews.in) മിനുക്കുപണികൾ അന്തിമ ഘട്ടത്തിൽ കോതമംഗലത്ത് ആധുനിക കെഎസ്ആർടിസി ബസ് ടെർമിനൽ ഒരുങ്ങുന്നു.
ഇരുനിലകളിലായി 10,000 ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടവും ബസ് ബേ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് സാധ്യമാകുന്നതെന്നും ഉടൻ നാടിന് സമർപ്പിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ പറഞ്ഞു.

എംഎൽഎ ഫണ്ടിൽനിന്ന് 2.5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. തുടർന്ന് നിർമാണപൂർത്തീകരണത്തിനായി 46 ലക്ഷംകൂടി അനുവദിച്ചു. ടെർമിനലിൻ്റെ താഴത്തെ നിലയിൽ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം, എൻക്വയറി കൗണ്ടർ, യാത്രക്കാർക്കും ജീവനക്കാർക്കുമായി പ്രത്യേക വെയ്‌റ്റിങ് ഏരിയ അടക്കമുള്ള സൗകര്യങ്ങളുണ്ട്.
മുകളിലെ നിലയിൽ ആധുനികരീതിയിലുള്ള ഓഫീസ് സംവിധാനം. ടോയ്‌ലറ്റ് ബ്ലോക്ക്, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ടെർമിനലിന്റെ ഭാഗമാണ്. കെട്ടിടത്തിനു മുന്നിലായി ബസ് ബേയോടനുബന്ധിച്ച് 100 ചതുരശ്രമീറ്ററിൽ ബസ് പാർക്കിങ് യാർഡ് സൗകര്യവുമുണ്ട്. കെട്ടിടത്തിന്റെ പുറകിൽ സംരക്ഷണഭിത്തിയുമുണ്ട്.
പ്രദേശവാസികൾക്കൊപ്പം വിനോദസഞ്ചാരികളും വലിയ രീതിയിൽ ഉപയോഗപ്പെടുന്ന ഡിപ്പോയാണ് കോതമംഗലത്തേത്. നിലവിൽ 43 സർവീസുകളാണുള്ളത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാമലക്കണ്ടം, മൂന്നാർ തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്രകളും നടത്തിവരുന്നു.
Finishing touches in final stages; Modern KSRTC bus terminal in Kothamangalam
