മൂവാറ്റുപുഴ : (piravomnews.in) മാറാടി–ഊരമന റോഡിൽ കായനാട് കവലയ്ക്കുസമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് കാർ അപകടത്തിൽപ്പെട്ടു.
ബുധൻ പകൽ പന്ത്രണ്ടോടെയാണ് സംഭവം. വാഴക്കുളം സ്വദേശിയുടെ കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു. ആർക്കും പരിക്കില്ല.മാറാടിയിൽനിന്ന് ഊരമന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. റോഡിന്റെ ഇടതുവശത്ത് പത്തടിയിലേറെ നീളത്തിൽ ടാർഭാഗം ഇടിഞ്ഞുതാഴ്‌ന്നിട്ടുണ്ട്.
ഇവിടെയെത്തിയ കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. വലിയ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ സംരക്ഷണഭിത്തി കനത്തമഴയിൽ കഴിഞ്ഞദിവസം ഇടിഞ്ഞുവീണു. മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതനിയന്ത്രണമുള്ളതിനാൽ എറണാകുളം ഭാഗത്തേക്കും തിരിച്ചും ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
കാക്കനാടിനുള്ള കെഎസ്ആർടിസി ബസുകളും രാമമംഗലം, പിറവം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. നിരവധി സ്കൂൾ വാഹനങ്ങളുമുണ്ട്. സംരക്ഷണഭിത്തി പുനർനിർമിച്ച് അപകടമൊഴിവാക്കണമെന്നും സൂചനാഫലകം സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Car falls into pothole on road, hits power pole
