കൊച്ചി : (piravomnews.in) ചമ്മന്തിയില്ലാതെ ദോശയും ഇഡ്ഡലിയും കഴിക്കാൻ പഠിപ്പിക്കുകയാണ് തേങ്ങവില. ഒന്നിന് 90 രൂപ കൊടുത്ത് തേങ്ങവാങ്ങി ചമ്മന്തി അരയ്‌ക്കാൻ നിവൃത്തിയില്ലാത്തതിനാൽ മുളകുചമ്മന്തി കൂട്ടി ‘അഡ്‌ജസ്‌റ്റ്’ ചെയ്യാനാണ് ഹോട്ടലുടമകളുടെ നിർദേശം.മൂന്നു മാസമായി തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വർധിക്കുകയാണ് .
20 രൂപ വിലയുണ്ടായിരുന്ന ഒരു തേങ്ങയ്‌ക്ക് ഇപ്പോൾ നാലിരട്ടിയിലധികം നൽകണം. തിരക്കുള്ള ഹോട്ടലിൽ ദിവസം 25 മുതൽ 30 തേങ്ങവരെ ചമ്മന്തി അരയ്‌ക്കാൻ മാത്രം വേണം. വെജിറ്റേറിയൻ ഹോട്ടലിൽ ഊണിനും തേങ്ങ അരച്ചുള്ള വിഭവങ്ങൾ ഒഴിച്ചുകൂടാനാകില്ല. അവിയൽ, തോരൻ, തീയൽ തുടങ്ങിയ വിഭവങ്ങളിൽ തേങ്ങ നിർബന്ധമാണ്.

തേങ്ങ ഒഴിവാക്കി കറിവയ്‌ക്കാമെന്ന് കരുതിയാലും വെളിച്ചെണ്ണവില പൊള്ളിക്കും.മെഴുക്കുപുരട്ടിക്കും മീനും ഇറച്ചിയും പൊരിക്കാനും കറികൾക്കും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ ഉയർത്തുന്നതിനാൽ ഡാൽഡ ഒഴിവാക്കി പല ഹോട്ടലുകാരും വെളിച്ചെണ്ണയിലേക്ക് മാറിയതായിരുന്നു എന്ന് കെഎച്ച്‌ആർഎ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ പറഞ്ഞു. തേങ്ങയുടെ വിലവർധന ഹോട്ടൽ ഉടമകൾക്ക് ശരാശരി 2000 രൂപയുടെ അധികച്ചെലവ് ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Add chili paste and adjust; coconut is cheated, dosa lovers have no paste
