ആലുവ: (piravomnews.in) വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിനിടെ വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ.
യൂത്ത് കോൺഗ്രസ് യൂത്ത് കെയർ എറണാകുളം ജില്ലാഭാരവാഹി കുട്ടമശേരി സൂസൂര്യാനഗറിൽ കുന്നത്ത് വീട്ടിൽ (കോളായിൽ) കെ ബി നിജാസ് (37) ആണ് പിടിയിലായത്.

തിങ്കൾ വൈകിട്ട് ചെമ്പകശേരി കവലയിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. ആലുവ ആശാൻ ലൈനിൽ അന്നപ്പിള്ളി വീട്ടിൽ ബാലകൃഷ്ണനെ (73)യാണ് നിജാസ് മർദിച്ചത്. കാർ പാർക്കിങ് ഏരിയയിൽനിന്നും സ്കൂട്ടർ മാറ്റി പാർക്ക് ചെയ്യാൻ പറഞ്ഞതിനാണ് നിജാസ് മർദിച്ചതെന്ന് ബാലകൃഷ്ണൻ പൊലീസിന് മൊഴി നൽകി.
പ്രതിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇയാൾക്ക് മർദനത്തിൽ പങ്കില്ല. മർദനത്തിന്റെ സിസിടിവി ദൃശ്യവും ആലുവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം ഒതുക്കി തീർക്കാൻ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ ശ്രമവും വിജയിച്ചില്ല.
Youth Congress leader arrested for assaulting elderly security guard over parking dispute
