കൊച്ചി : (piravomnews.in) മന്ത്രി പി രാജീവും ജനപ്രതിനിധികളും കയറിയതോടെ ഓപ്പൺ ഡബിൾ ഡെക്കർ ബസിൽനിന്ന് പാട്ടുയർന്നു. ചാറ്റൽമഴയെ വകവയ്ക്കാതെ യാത്രക്കാർ ആഹ്ലാദത്തോടെ സീറ്റിൽ ഇരുന്നു.
പാട്ടിനൊപ്പം കൈകൊട്ടി. ചിലർ സീറ്റിൽനിന്ന് എഴുന്നേറ്റ് ചുവടുകൾവച്ചു. കൊച്ചിയുടെ സായാഹ്ന കാഴ്‌ചകൾ ഇനി കെഎസ്‌ആർടിസിയുടെ ഡബിൾഡെക്കറിൽ നുകരാം.ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ ചെലവിൽ ആസ്വാദ്യകരമായ യാത്ര ഒരുക്കുന്ന വിനോദസഞ്ചാര സർവീസിനാണ് തുടക്കമായത്.

കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രണ്ടാംനിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ബസ്. മുകളിലെ ഓപ്പൺ ഡക്കിൽ 39 സീറ്റുകളും താഴത്തെനിലയിൽ 24 സീറ്റുകളുമുണ്ട്. 300 രൂപയാണ് മുകളിലിരുന്നു കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള നിരക്ക്.താഴെ 150 രൂപ.ദിവസേന ഒരു സർവീസുണ്ടാകും.
വൈകിട്ട് അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് എട്ടോടെ തിരികെ ഇവിടെത്തന്നെ അവസാനിപ്പിക്കും.മൂന്നുമണിക്കൂർ യാത്രയിൽ 29 കിലോമീറ്റർ സഞ്ചരിക്കും. വിനോദയാത്രയ്ക്കും ആഘോഷങ്ങൾക്കും 15,300 രൂപ നിരക്കിൽ വാഹനം ലഭിക്കും.
onlineksrtcswift.com സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്ത് സീറ്റുകൾ ഉറപ്പിക്കാം.9961042804-, 8289905075, -9447223212 നമ്പറിൽ വിളിച്ചും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നേരിട്ട് എത്തിയും ബുക്ക് ചെയ്യാം.
ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കെ ജെ മാക്‌സി എംഎൽഎ, മേയർ എം അനിൽകുമാർ, ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാർ, ആർ സുനിൽകുമാർ, പ്രശാന്ത് വേലിക്കകം, പി എസ് ലോകേഷ് തുടങ്ങിയവർ സംസാരിച്ചു.
A song blared from an open double-decker bus; passengers braved the pouring rain
