കുമ്പളം : (piravomnews.in) എക്കലടിഞ്ഞ് നികന്നു കൊണ്ടിരിക്കുന്ന വേമ്പനാട്ട് കായലിൽ ഡ്രജിങ് ചെളി തള്ളിയ ഡ്രജർ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. കുമ്പളം സെന്ററിനു സമീപം മട്ടംപറമ്പത്ത് ഊന്നിപ്പാടിൽ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
ചമ്പക്കര കനാൽ ആഴം കുട്ടാൻ കോരി മാറ്റുന്ന ചെളിയാണ് കായലിൽ അടിച്ചു കൊണ്ടിരുന്നത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് കായലിൽ കൊണ്ടുവന്നു തള്ളുന്നതിൽ അവിടത്തെ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് ഇവർ കുമ്പളം ഭാഗത്തേക്കു മാറ്റിയത്.

ചെളി തള്ളി മടങ്ങാനൊരുങ്ങിയ ഡ്രജർ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. കരയിലേക്ക് അടുപ്പിച്ചു. കോരിയെടുക്കുന്ന ചെളി പുറം കടലിൽ കൊണ്ടുപോയി തള്ളമെന്നാണ് നിബന്ധനയെങ്കിലും കായലിൽ തന്നെ തള്ളുകയാണ് പതിവ്.
വെള്ളപ്പൊക്കത്തിനു കാരണമാകുന്ന നിലയിൽ കായലിന്റെ ആഴം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ കുമ്പളത്ത് ഇനി ചെളി അടിക്കില്ലെന്ന ഉറപ്പിൽ കരാറുകാരനെ തൽക്കാലം വിട്ടയച്ചു.
Fishermen stop dredger dumping mud in backwater
