കവളങ്ങാട് : (piravomnews.in) മുള്ളരിങ്ങാട് വനമേഖലയിൽനിന്ന് കടവൂർ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാക്കി. രണ്ട് കൊമ്പനാനകളാണ് ബുധൻ പുലർച്ചെ നാട്ടിലേക്കിറങ്ങിയത്. ചാത്തമറ്റം–-മുള്ളരിങ്ങാട് റോഡ് മറികടന്നെത്തിയ കാട്ടാനകൾ രണ്ടുദിവസമായി പൊത്തൻചീനി വനാതിർത്തിയിലുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വനമേഖലയിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള കടവൂർ ടൗണിൽ ചൊവ്വാഴ്ച അർധരാത്രി ഇറങ്ങിയ കാട്ടാനകൾ പിന്നീട് കക്കടാശേരി–കാളിയാർ റോഡിൽ യാത്രാതടസ്സമുണ്ടാക്കി.
നാട്ടുകാർ പണിപ്പെട്ട് ഇവിടെനിന്ന് ഓടിച്ചു. കുമാരമംഗലം പഞ്ചായത്തിലെ പയ്യാവിലേക്ക് കടന്ന ആനകളെ നാട്ടുകാർചേർന്ന് തുരത്തി മറുകരയിലേക്ക് വിട്ടു.
ഇതിനിടെ, മുള്ളരിങ്ങാട്, കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, തൊടുപുഴ ഫോറസ്റ്റ് വിജിലൻസ് വിഭാഗം, പോത്താനിക്കാട് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘവും സ്ഥലത്തെത്തി. പുഴയുടെ കരയിലുള്ള റബർത്തോട്ടത്തിൽ തമ്പടിച്ച ആനകളെ തുരത്താൻ പകൽ പതിനൊന്നോടെ ആർആർടി സംഘമെത്തി.
Wild elephants terrorized locals for hours
