കൊച്ചി : (piravomnews.in) അഗതിരോഗികൾക്ക് ആശ്വാസമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മദദ് പദ്ധതി. മൂന്നുവർഷമായി ആശുപത്രി വികസനസമിതി നടപ്പാക്കിവരുന്ന പദ്ധതിയിലൂടെ ഇതുവരെ നൂറോളം രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി 5.95 ലക്ഷം രൂപയാണ് മെഡിക്കൽ കോളേജ് ചെലവഴിച്ചത്.
സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ എറണാകുളത്ത് മാത്രമാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ചെക്ക്, ഡിഡി, ഓൺലൈൻ, യുപിഐ എന്നിവയിലൂടെ ലഭിക്കുന്ന സംഭാവനയാണ് പ്രധാനഫണ്ട് ഉറവിടം. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പത്തോളം കലക്‌ഷൻ ബോക്സുകളിലൂടെയും പണം സമാഹരിക്കുന്നു.

മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ, ലേ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് ഫണ്ട് ചെലവഴിക്കൽ നിയന്ത്രിക്കുന്നത്. ചെയർമാന്റെയും സെക്രട്ടറിയുടെയും പേരിൽ കങ്ങരപ്പടി എസ്‌ബിഐയിലെ സംയുക്ത ബാങ്ക് അക്കൗണ്ടി (നമ്പർ: 41151055101)ലാണ് ഫണ്ട് സൂക്ഷിക്കുന്നത്. ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ ദിവസവേതനവ്യവസ്ഥയിൽ നൽകാനും പദ്ധതിയിലൂടെ കഴിയും.
Madad scheme brings relief to the needy at Govt. Medical College
