പെരുമ്പാവൂർ : (piravomnews.in) വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറ കണിച്ചാട്ടുപാറ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. സെന്റ് ജൂഡ് പള്ളിവളപ്പിലെ തെങ്ങുകളും കണിച്ചാട്ടുപാറ പൊന്നിടത്തിൽ വീട്ടിൽ പി സി കുഞ്ഞപ്പന്റെ വീട്ടിലെ വാഴയും തെങ്ങും നശിപ്പിച്ചു.
ചൊവ്വ രാത്രി ഒമ്പതിന് മരം മറിച്ചിട്ട് വേലി തകർത്തശേഷം കണിച്ചിട്ടുപാറ തോട് നീന്തിക്കടന്നാണ് കുട്ടിയാനയടക്കം ആറ് ആനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. ബുധൻ രാവിലെ റോഡിലിറങ്ങിനിന്ന ആനക്കൂട്ടം അതുവഴിവന്ന ബൈക്ക് യാത്രക്കാരെ ഓടിച്ചു. പലരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതുവഴി പോകുകയായിരുന്ന മുനിപ്പാറ കോയിക്കകുടി വീട്ടിൽ കെ എം ജോർജിനെ വിരട്ടി ഓടിച്ചു. സമീപത്തുണ്ടായിരുന്ന വീട്ടിൽ കയറിയാണ് ജോർജ് രക്ഷപ്പെട്ടത്.
രാവിലെ ഏഴിന് നാട്ടുകാർ സംഘം ചേർന്നാണ് ആനകളെ കോട്ടപ്പാറ വനത്തിലേക്ക് ഓടിച്ചുവിട്ടത്. കണിച്ചാട്ടുപാറമുതൽ പുത്തൻപാലംവരെ മൂന്ന് കിലോമീറ്റർ വേലി സ്ഥാപിച്ചശേഷം ആന ഈ പ്രദേശത്തേക്ക് കടക്കാറുണ്ടായിരുന്നില്ല.
Wild elephant breaks through fence in Vengoor and enters residential area
