പിറവം : (piravomnews.in) പാമ്പാക്കുട ടൗണിലെ തോട്ടിലും പൊതുസ്ഥലത്തും കക്കൂസ്‌മാലിന്യം തള്ളിയശേഷം മണ്ണിട്ടുനികത്തിയതായി പരാതി. പിറവം–മൂവാറ്റുപുഴ റോഡിൽ അഞ്ചാംവാർഡിൽ പാപ്പുക്കവല ജങ്ഷനുസമീപമാണ് സംഭവം.
രാത്രിയുടെ മറവിൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഉറവുംപാടം തോട്ടിലേക്കാണ് കക്കൂസ്‌മാലിന്യം തള്ളിയത്. പിന്നാലെ തോട് മണ്ണിട്ടുനികത്തി തുടങ്ങി. സമീപത്തെ സ്ഥലമുടമയായ പിറവം സ്വദേശി സണ്ണി മണപ്പാട്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പറഞ്ഞു.

കക്കൂസ്‌മാലിന്യം തള്ളിയതിനാൽ പ്രദേശത്ത് റോഡിൽ യാത്രചെയ്യാൻ പറ്റാത്ത ദുർഗന്ധമാണുള്ളത്.മഴക്കാലമായതിനാൽ, പകർച്ചവ്യാധികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നീർത്തടപ്രദേശം മണ്ണിട്ടുനികത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുത്തിപ്പൊട്ടിച്ചതിനും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
After dumping the waste in Pampakkuta, the stream was covered with soil.
