കൊച്ചി : (piravomnews.in) അതിസങ്കീർണമായ മൂന്ന് എൻഡോവസ്കുലർ ചികിത്സകൾ ഒറ്റദിവസം നടത്തിയ അപൂർവനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം.
24 മണിക്കൂറിനകം മൂന്നുരോഗികളെയും മുറിയിലേക്ക് മാറ്റി.നൂതനവും അതിസങ്കീർണവുമായ വാൽവ് ഇൻ വാൽവ് ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലെയ്‌സ്‌മെന്റ് (ടിഎവിആർ) ചികിത്സ നടത്തിയത് എട്ടുവർഷംമുമ്പ് ഹൃദയം തുറന്ന് വാൽവ് മാറ്റിവച്ച 72കാരിയിലാണ്. അന്നു മാറ്റിവച്ച വാൽവിന് തടസ്സവും ചോർച്ചയും ഉണ്ടായതിനാലാണ് വീണ്ടും മാറ്റിവച്ചത്.

നെഞ്ചും ഹൃദയവും തുറക്കാതെ തുടയിൽ അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള മുറിവുണ്ടാക്കി കത്തീറ്റർ കടത്തിവിട്ട് മുമ്പ് മാറ്റിവച്ച വാൽവിനകത്ത് പുതിയ വാൽവ് കടത്തിവയ്ക്കുന്ന അതിസങ്കീർണ ചികിത്സയാണ് നടത്തിയത്. ഹൃദയതാളവും രക്തസമ്മർദവും നിയന്ത്രിക്കുന്നതിന് പേസ്‌മേക്കർ വച്ചിരുന്നു.
ഹൃദയത്തിലെ അയോർട്ടിക് വാൽവ് ചുരുങ്ങിയ 81 കാരനും അന്നുതന്നെ നെഞ്ച് തുറക്കാതെ വാൽവ് മാറ്റിവച്ചു. മഹാ രക്തധമനിയിൽ അപകടകരമായ വീക്കം ബാധിച്ച 72കാരിയുടെ തുടയിലൂടെ സ്‌റ്റെൻഡ് ഗ്രാഫ്‌റ്റ് സ്ഥാപിച്ച ചികിത്സയും വിജയകരമായി നടത്തി. മൂന്നുരോഗികളെയും 24 മണിക്കൂറിനകം മുറിയിലേക്ക് മാറ്റി.
Ernakulam General Hospital performs 3 highly complex surgeries in a single day; a rare achievement
