ചെന്നൈ.... ചെന്നൈ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു.ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ 29 സാക്ഷികൾ മൊഴി നൽകി, പൊലീസ് 100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
പ്രായമായ അമ്മയെയും എട്ട് വയസുള്ള മകളെയും നോക്കണമെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയ്ക്ക് വേണ്ടി പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു. എന്നാൽ വാദത്തെ തള്ളി പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജഡ്ജി പറഞ്ഞു.2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.

പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി സർവകലാശാല അധികൃതർക്കും പൊലീസിനും പരാതി നൽകി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Life term for the man who sexually assaulted 19-year-old in Anna University
