ആലുവ : (piravomnews.in) ആലുവ മാര്‍ക്കറ്റില്‍ താൽക്കാലിക കച്ചവടം നടത്തിയിരുന്ന കടകള്‍ പൊളിക്കുന്നത് പ്രതിഷേധത്തെ തുടർന്ന് നിർത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ആലുവ സമുച്ചയം നിര്‍മിക്കുന്നതിനാണ് താൽക്കാലിക കടകള്‍ പൊളിക്കാന്‍ തുടങ്ങിയത്.

പൊലീസ് സുരക്ഷയോടെയാണ് കടകൾ പൊളിക്കാന്‍ നഗരസഭാ അധികൃതര്‍ തിങ്കൾ രാവിലെ എത്തിയത്. ബദല്‍ സംവിധാനം ഒരുക്കാതെ കടകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി വ്യാപാരികള്‍ എത്തിയതോടെ കലക്ടറുടെ നിര്‍ദേശാനുസരണം കടകള്‍ പൊളിക്കുന്നത് താൽക്കാലികമായി നിര്‍ത്തിവച്ചു.മെയ് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ക്കറ്റ് നിര്‍മാണത്തിന് തറക്കല്ലിടും.
50 കോടി ചെലവില്‍ നാലു നിലകളിലായി 1.82 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാര്‍ക്കറ്റ് സമുച്ചയമാണ് നിര്‍മിക്കുന്നത്. പത്ത് വര്‍ഷംമുമ്പാണ് ജീര്‍ണിച്ച മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചത്. ഇവിടെ കച്ചവടം ചെയ്തിരുന്നവര്‍ താൽക്കാലിക കടമുറികള്‍ നിര്‍മിച്ച് ആലുവ മാര്‍ക്കറ്റില്‍ത്തന്നെ കച്ചവടം നടത്തുകയാണ്. ഇവരെ ഒഴിപ്പിച്ചശേഷമായിരിക്കും പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുക.
Aluva Market Renovation; Demolition of temporary shops stopped following protests
