ന്യൂഡൽഹി: മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യത്തിന്റെ ആദരം. ഹോക്കി താരം പി ആർ ശ്രീജേഷ് പത്മഭൂഷണ് അർഹനായി. ഫുട്ബോൾ താരം ഐ എം വിജയൻ, സംഗീതജ്ഞ കെ ഓമനക്കുട്ടി എന്നിവർ പത്മശ്രീക്ക് അർഹരായി. നടി ശോഭനയും നടൻ അജിത് കുമാറും പത്മഭൂഷണ് അർഹരായി.ഹൃദ്രാഗ വിദഗ്ധനായ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പത്മഭൂഷണ് അർഹനായി. ബിഹാർ മുൻ മുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ചു. ജപ്പാൻ ബിസിനസുകാരനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുൻ ചെയർമാനുമായിരുന്ന ഒസാമു സുസുക്കി, ശാരദ സിൻഹ എന്നിവരേയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

31 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം. 19 പേർ പത്മഭൂഷണ് അർഹരായി. തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉൾപ്പെടെ 31 പേർക്കാണ് പത്മശ്രീ. ഗായകൻ അർജിത് സിങ്ങ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ എന്നിവരും പത്മശ്രീക്ക് അർഹരായി. നടൻ നന്ദമുരി ബാലകൃഷ്ണയും പത്മഭൂഷണ് അർഹനായിട്ടുണ്ട്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയിൽ നിന്ന് രണ്ട് മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠനും, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.
Padma Vibhushan posthumously awarded to MT; Padma Bhushan to PR Sreejesh, actress Shobhana and actor Ajith Kumar; Padma Shri to IM Vijayan and Omanakutty.
