Jan 8, 2025 10:30 AM

ചോറ്റാനിക്കര : (piravomnews.in) ചോറ്റാനിക്കരയിൽ അടഞ്ഞുകിടന്ന വീട്ടിലെ ഫ്രിഡ്‌ജിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടവും ശരീരാവശിഷ്ടങ്ങളും ഒരാളുടേതല്ലെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌.

എറണാകുളം ജനറൽ ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.ശരീരാവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയും നടത്തുന്നുണ്ട്.

എറണാകുളത്ത്‌ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോ. ഫിലിപ്പ്‌ ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര എരുവേലിയിലെ മംഗലശേരി വീട്ടിലെ ഫ്രിഡ്ജിലാണ്‌ മൂന്ന്‌ കവറുകളിലായി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്‌.

കൈകാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേകം പൊതിഞ്ഞ്‌ കവറുകളിലാക്കിയിരുന്നു. ഈ വീട്ടിലേക്ക് 15 വർഷമായി പോകാറില്ലെന്നാണ്‌ ഡോ. ഫിലിപ്പ്‌ ജോൺ പൊലീസിനോട് പറഞ്ഞത്.

വ്യത്യസ്ത കവറുകളിലായി സൂക്ഷിച്ചിരുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ ഒരാളുടേത് അല്ലെന്ന് കണ്ടെത്തിയതോടെ, ഇത്‌ പഠനാവശ്യങ്ങൾക്കുതന്നെ സൂക്ഷിച്ചതാണെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌. ഇത്‌ എങ്ങനെ ഇവിടെ എത്തിയെന്ന് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്‌.

ഡോ. ഫിലിപ്പ് ജോണിനോട് അടുത്ത ദിവസം പൊലീസ്‌ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ടെന്ന്‌ ചോറ്റാനിക്കര പൊലീസ് പറഞ്ഞു.

പുതുവത്സരത്തോട്‌ അനുബന്ധിച്ച്‌ ഈ വീട്ടിൽ സാമൂഹ്യവിരുദ്ധർ മദ്യപാനം നടത്തിയതായി ചോറ്റാനിക്കര പൊലീസിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന്‌ പൊലീസ്‌ പരിശോധിച്ചപ്പോഴാണ്‌ തിങ്കൾ വൈകിട്ട്‌ 4.30ഓടെ അസ്ഥികൂടം കണ്ടെത്തിയത്‌.





The #skeleton #found in the #fridge in #Chotanikara #belongs to more than one #person

Next TV

Top Stories