കൊച്ചി : (piravomnews.in) വൈകിട്ട് നാലിന് സൈറണുകൾ മൂന്നുവട്ടം മുഴങ്ങി. യുദ്ധസമാന സാഹചര്യം നേരിടാൻ എല്ലാവരും തയ്യാറെടുത്തു. സിവിൽ ഡിഫൻസ് വളന്റിയർമാരും അഗ്‌നി രക്ഷാസേനയുമടക്കം രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി.

യുദ്ധസാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.കലക്ടറേറ്റ്, ലുലു മാൾ, കല്യാൺ സിൽക്‌സ്, ജയലക്ഷ്മി, കൊച്ചി മെട്രോ സ്റ്റേഷനുകൾ, ഹൈക്കോടതി,കൊച്ചി കോർപറേഷൻ, പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലും മോക്ക് ഡ്രിൽ നടത്തി.
അടിയന്തര സാഹചര്യം നേരിടാൻ വിളക്ക് അണച്ചും കറുത്ത ഉപാധികൾകൊണ്ട് സ്ഥാപനം മൂടുകയും ഉൾപ്പെടെയുള്ള രക്ഷാമാർഗങ്ങളാണ് സ്വീകരിച്ചത്. മറൈൻ ഡ്രൈവിൽ സൈറൺ മുഴങ്ങിയതോടെ ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. മഴവിൽപ്പാലംമുതൽ ഹൈക്കോടതി വാട്ടർ മെട്രോ സ്‌റ്റേഷൻവരെയുള്ളവരെയാണ് ഒഴിപ്പിച്ചത്. ആക്രമണം നേരിടേണ്ട രീതികളെക്കുറിച്ചും മെഗാഫോണിലൂടെ വിശദീകരിച്ചു.
വിവിധ ഭാഷകളിലും മുന്നറിയിപ്പ് നൽകി. തമ്മനം ബിസിജി ഫ്ലാറ്റിലും മോക്ക് ഡ്രിൽ നടത്തി. ബുധൻ വൈകിട്ട് നാലിനാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. 30 സെക്കൻഡുള്ള സൈറൺ മൂന്നുവട്ടം ശബ്‌ദിച്ചു.4.02നും 4.29നും ഇടയിലാണ് മോക്ക് ഡ്രിൽ നടത്തിയത്. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങിയതോടെ മോക്ക് ഡ്രിൽ അവസാനിച്ചു.
Siren sounds; country on alert
