നെടുമങ്ങാട്: (piravomnews.in) പുതുക്കുളങ്ങരയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ആര്യനാട് പറണ്ടോട് മലരുവീണ കരിയ്ക്കകം വിഷ്ണു ഭവനിൽ വി. വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ റിത്വിക് ആണ് മരിച്ചത്. നെടുമങ്ങാട്–ആര്യനാട് റോഡിൽ ശനിയാഴ്ച അർധരാത്രി 12ഓടെയായിരുന്നു അപകടം.
വിഷ്ണു (27), ഭാര്യ കരിഷ്മ (26), ബന്ധുക്കളായ ജിഷ്ണു (16), അജിത് (25), ശ്രീനന്ദ (16), നീരദ് (മൂന്നര) എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടാക്കടയിൽ നിന്ന് സിനിമ കണ്ട ശേഷം നെടുമങ്ങാട് എത്തി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
വിഷ്ണു ആണ് കാർ ഓടിച്ചത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റിത്വിക് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാറും തകർന്നു. അജിത്തും നീരദും ചികിത്സയിൽ തുടരുകയാണ്.
A #one-and-a-half-year-old #bo #died after an out-of-#control car #overturned. Six people were #injured