കണ്ണൂർ: യുവതിയെ മദ്യംനല്‍കി ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ. സേലം സ്വദേശിനി മലർ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
തടവുശിക്ഷക്ക് പുറമേ പ്രതികള്‍ 23,000 രൂപ പിഴയടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയില്‍ പറയുന്നു.
2022 ജൂണ്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടില്‍നിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് പ്രതികള്‍ മദ്യംനല്‍കിയ ശേഷം ബലാത്സംഗം ചെയ്തത്. കൂലിവേല ചെയ്യാനാണ് മലരിനൊപ്പം യുവതി കണ്ണൂരിലെത്തിയത്. തോട്ടടയിലുള്ള വാടകവീട്ടിലെത്തിച്ച് മദ്യംകുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികള്‍ കണ്ണൂർ എ.സി.പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പിടിയിലായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.
Three people, including a woman, have been sentenced to prison in the case of raping a young woman with alcohol.