കഥ... തോൽപ്പാവ"
പപ്പാ, തുറന്നിട്ട ഈ ജനലിനരുകിലെ മേശമേൽ ഇരിക്കുന്ന ബെഡ് ലാംപ് തെളിച്ചും, കെടുത്തിയും ഞാൻ ഏറെനേരമായിരിക്കുന്നു. പുറത്തു തണുത്തകാറ്റിനെ എന്നിലേക്ക് പായിച്ചു ജനാലകളെ വിറപ്പിച്ചു, രാത്രി രണ്ടുമണിയുടെ ട്രെയിനും പോയിക്കഴിഞ്ഞിരിക്കുന്നു. മനസ്സിനെ ശാന്തമാക്കാൻ എന്നാലാവുന്നതെല്ലാം ചെയ്തു. കഴിഞ്ഞ രണ്ടുദിനങ്ങളിൽ ഞാൻ അനുഭവിച്ച വേദന, അതിന്റെ കാര്യകാരണങ്ങൾ എനിക്ക് എന്‍റെ നാവാൽ പറയാനാവുന്നില്ല, അതുപോലെ വിങ്ങിപൊട്ടി പലതും ചോദിക്കുവാനും. വിറയ്ക്കുന്ന വിരലുകൾകൊണ്ട് വികൃതമായി പകർത്തിവയ്ക്കുന്നു ഈ വെള്ളതാളിൽ, നനഞ്ഞു ഉപ്പുരസമുള്ള അക്ഷരങ്ങളാൽ എന്‍റെ വിങ്ങലുകളുടെ കുമ്പസാരകുറിപ്പ്. പപ്പാ....ഇന്ന് പുറത്തു നല്ലനിലാവുണ്ട്. ഇതേപോലെ നിലാവുള്ള എത്ര രാത്രികളിൽ ഞാൻ പപ്പയുടെ ബുള്ളറ്റിന്റെ ടാങ്കിലിരുന്നു യാത്രചെയ്തിരിക്കുന്നു. വഴിയോരത്തിനു മുഴുവൻ കുഞ്ഞികൈകൾ വീശിക്കൊടുത്ത്, ചിരിച്ചുമറിഞ്ഞു.
പപ്പാ....പപ്പാ, എപ്പോഴും ആവശ്യമില്ലെങ്കിലും വെറുതെ ആളാവാൻ ചോദിക്കാറുള്ള ചോദ്യം. "പപ്പിക്ക് ഏറെ ഇഷ്ട്ടം പാപ്പയോടൊ, അതോ മമ്മയോടോ "? ചോദ്യത്തിനുള്ള, കാണാപാഠം പഠിച്ചുവച്ച എപ്പോഴും പറയുന്ന ഉത്തരമല്ല ഇത്. പപ്പാ...ഞാൻ സ്നേഹിച്ചിരുന്നു. നിങ്ങളെ, വാക്കുകളാൽ വരച്ചിടാനാവാതെ. ('നിങ്ങൾ' എന്ന വാക്കുപയോഗിച്ചു പപ്പയെ ഞാൻ ആദ്യമായി വിളിക്കുന്നു). ചിണുങ്ങുമ്പോഴൊക്കെ എനിക്ക് ശാന്തമായി ഉറങ്ങാൻ ആ തോളു തന്നെവേണമെന്ന വാശി കുഞ്ഞായിരുന്നപ്പോഴേ എന്‍റെ ഉപബോധമനസ്സാവാം, ഉറക്കാത്ത തലച്ചോറിനോട് പറഞ്ഞുകൊടുത്തത്തു. മാടന്റെ കഥകളിലെ കറുത്തരൂപങ്ങൾ, ഇറങ്ങിവരുന്ന ദുസ്വപ്നത്തിന്റെ ബാല്യത്തിൽ, ഇരുളിൽ വിരലുകൾ പരതിതപ്പിയെടുക്കുന്ന നെഞ്ചിലെ രോമക്കൂട്ടിൽ, ഇറുക്കിപ്പിടിച്ച കണ്ണുകളുമായി ആവുന്നത്ര മുഖംപൂഴ്ത്താൻ പഠിപ്പിച്ചതും, എന്‍റെ ഉപബോധത്തിന്റെ ആദ്യ നിർദേശങ്ങളായിരുന്നു. എനിക്ക് പപ്പാ....എന്തൊക്കെയായിരുന്നു.? ('ആയിരുന്നു' എന്ന വാക്കിനു ഞാൻ ഒരു അടിവരയിടുന്നു). തിരിച്ചറിവിന്റെ ആദ്യകണം തലച്ചോറിൽ ചേരുന്നതിനു മുൻപേ, ഹൃദയംകൊണ്ട് ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു. പല്ലുമുളക്കാത്ത മോണകാട്ടി ഞാൻ ചിരിച്ചു പപ്പാ, പകർത്തി ഈ ചുവരുകൾ മുഴുവൻ തൂക്കിയിട്ട ചിത്രങ്ങൾ. ചോദിക്കാതെതന്നെ അനുഷ്ട്ടാനം പോലെ കവിളിൽ ഉമിനീരും ചേർത്തു ഞാൻ തന്ന ചെറുതുംവലുതുമായ ഉമ്മകൾ, എല്ലാ സാക്ഷ്യങ്ങളും പറയില്ലേ പപ്പാ. ആ വിരലുകളിൽ തൊട്ടുനടക്കുമ്പോൾ ഇടറിവീഴും എന്ന ഭയം ആദ്യം മാറി,പിന്നെ ആ വിരൽതുമ്പില്ലാതെ പോകുന്നനേരങ്ങളിൽ ഞാൻ, ഉള്ളിന്റെയുള്ളിൽ ഭയന്നിരുന്നു ചെറിയകാര്യങ്ങളിൽ പോലും. പപ്പ വൈകിവരുന്ന രാത്രികളിൽ, മമ്മയെക്കാൾ ഞാൻ വല്ലാതെ ആകുലപ്പെട്ടു. അറിയാതെ മയങ്ങിപ്പോകുന്ന കണ്ണുകളെ ചേർത്തുതന്ന മുത്തങ്ങൾ, ഉറക്കത്തിൽ ഒരു ശീലംപോലെ എന്നും പുതപ്പിച്ച സ്നേഹപുതപ്പിന്റെ ചൂട്.ഒന്നും മറക്കാനാവുന്നില്ലയെന്ന എന്‍റെ പരാജയത്തിൽ ഞാൻ മനസ്സിലാക്കുന്നു, ഞാൻ നിങ്ങളെ എത്ര അഗാധമായി സ്നേഹിച്ചിരുന്നുവന്ന്. നമ്മൾ തമ്മിലുള്ള ബന്ധം, സ്വാതന്ത്ര്യം, ഒക്കെക്കണ്ടു അനു അന്ന് വല്ലാതെ അന്ധാളിച്ചിരുന്നു. കഴിഞ്ഞവട്ടം ഹോസ്റ്റലിൽനിന്നും എന്‍റെ കൂടെ ഇവിടെവന്നു, ക്രിസ്മസിനു രണ്ടുദിവസം അവൾ നമ്മോടൊപ്പം നമ്മുടെ വീട്ടിൽ താമസിച്ചപ്പോൾ. എത്ര രസകരമായിരുന്നു പപ്പാ, ആ ദിവസങ്ങൾ.? വൈനിന്റെ ലഹരിയിൽ ഞാൻ നടത്തിയ പപ്പയുടെ നടപ്പു, സംസാര അനുകരണങ്ങൾ. പൊട്ടിപൊട്ടിച്ചിരിച്ചു മമ്മ അവസാനം കരഞ്ഞത്. പീറ്റർസ്കോട്ടിന്റെ ലഹരിയിലും, ഈണംതെറ്റാതെ പപ്പാ പാടിയ പഴയ നാടകഗാനങ്ങളുടെ ആലാപനം. അവസാനം ലഹരിനുരയിൽ ചെറുതായെങ്കിലും ആടിക്കുഴഞ്ഞുപോയ പപ്പയുടെ സാന്താക്ളോസ്, എല്ലാം ഓർക്കുമ്പോൾ വല്ലാതെ തിക്കിമുട്ടുന്നു പപ്പാ. ആ ക്രിസ്മസ് ദിനങ്ങളുടെ തിരികെപോക്കിൽ, പതിവുപോലെ പപ്പ വിങ്ങിപൊട്ടി. സ്റ്റിയറിംഗ് വീൽ മമ്മക്കുകൊടുത്തു, ഞങ്ങളെ തിരിച്ചയക്കാൻ പറഞ്ഞു, കാറിൽനിന്നുമിറങ്ങി തിരിച്ചു വീട്ടിലേക്കുകയറിപോയ പപ്പ വല്ലാതെ ഉലഞ്ഞിരുന്നു, മനസ്സുകൊണ്ട്. ഹോസ്റ്റൽവരെ ആരുമൊന്നും പറയാത്ത മൂകമായ ഒരു പതിവ് യാത്രയായിരുന്നു അതും. എന്‍റെ നനുത്തഹൃദയതന്ത്രികൾ, വല്ലാതെപൊട്ടിപോയിരിക്കുന്നു പപ്പ. ഈ രണ്ടു ദിവസങ്ങൾ,ഞാൻ നിങ്ങൾക്കു പിടിതരാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എത്ര കരഞ്ഞിട്ടും കരച്ചിൽ തീരാത്തപോലെ. ഓരോ കരച്ചിലിലും വെറുപ്പും, ദേഷ്യവും കൂടിവരുന്നു. ഓരോ കരച്ചിലിന്റെയും ഇടവേളകളിൽ, ഞാനിഷ്ടപ്പെടുന്ന യുഡികോളോണിന്റെ ഗന്ധവുമായി ഇരുവശത്തും ഭംഗിയുള്ള നരകയറിയ, വെട്ടിയൊതിക്കിയ മീശയുമായി നിങ്ങൾ വന്നുകയറുന്നു മനസ്സിൽ അനുവാദം ചോദിക്കാതെ. കബോർഡ് പരതി എന്‍റെ എല്ലാ ചിത്രങ്ങളും,ഫോട്ടോ കൂമ്പാരങ്ങളും, ഇന്നലെ ഞാൻ തേടിയെടുത്തു. എന്തിനെന്ന മമ്മയുടെ ചോദ്യത്തിന് വിഷമിച്ചു പറഞ്ഞു 'വെറുതെ' മമ്മയുടെ ഒരു ചോദ്യംകൂടിയുണ്ടായിരുന്നെങ്കിൽ, ഞാൻ പൊട്ടിക്കരഞ്ഞുപോയേനെ. എന്‍റെ എല്ലാ ചിത്രങ്ങളിലും നിങ്ങളുണ്ടായിരുന്നു പപ്പ. ജന്മദിനങ്ങളുടെ, യാത്രകളുടെ, വെറുംവെറുതെയിൽ കാണിച്ച കുസൃതികളുടെ എല്ലാ ചിത്രങ്ങളിലും മിനോൾട്ടയുടെ ഓട്ടോമോഡ് സെറ്റ്ചെയ്തു, ഓടിവന്നു എന്നരികിൽ കിതപ്പൊളിപ്പിച്ചു ചിരിച്ചെടുത്ത, കുസൃതികൾ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ. മുറിയടച്ചിട്ടു ഏറെനേരം ആലോചിച്ചു. വിറയ്ക്കുന്ന കൈകൾകൊണ്ട് ആൽബത്തിൽ നിന്നും വന്യമായിപറിച്ചെടുത്ത ഓരോ ചിത്രങ്ങളിൽനിന്നും, എന്‍റെ കൂടെ നിൽക്കുന്ന,കുസൃതികൾ കാണിക്കുന്ന, തമാശയുടെ മുഖമുള്ള, ചിരിക്കുന്ന നിങ്ങളുടെ രൂപം ഞാൻ ഓരോന്നായി കീറിമാറ്റാൻ തുടങ്ങി. നാലെണ്ണത്തിൽ കൂടുതൽ എനിക്ക് കീറുവാനായില്ല. വികൃതമായി കീറിയിട്ട നിങ്ങളുടെ ചിത്രമുഖങ്ങളിൽ, ഞാൻ ബാക്കികരച്ചിൽ ചേർത്തുവെച്ചു പരാജയപെട്ടു. അനുവിന്റെ മ്ലാനത ദിവസങ്ങളായി ഞാൻ കാണാതിരുന്നിരുന്നുവെങ്കിൽ.? ഒന്നും പറയാതിരുന്ന അവളോട് പേടിപ്പിക്കുന്ന സത്യം പറയാൻ ഞാൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ.? അവൾ ഒരിക്കലും അത് പറയാതിരുന്നുവെങ്കിൽ.? കരഞ്ഞകണ്ണും , ചുവന്നമുഖവുമായി അവൾ അവളുടെ മൊബൈലിന്റെ വാട്സ് ആപ്പ് താൾ എനിക്ക് നേരെ പകയോടെ നീട്ടിയില്ലായിരുന്നുവെങ്കിൽ.? അതിൽ ഞാൻ നമ്മുടെ വാഷ്റൂമിന്റെ മാർബിൾ ഭിത്തിയോട് ചേർന്നുനിന്നു കുളിക്കുന്ന, അനുവിന്റെ നഗ്നത കണ്ടില്ലായിരുന്നുവെങ്കിൽ.? ആഗ്രഹിച്ചുപോകുന്നു, പപ്പി ഇന്നും പഴയ പപ്പി തന്നെയാകുമായിരുന്നുവെന്ന് പപ്പ. ആ നഗ്നചിത്രത്തിന്റെ അന്ധാളിപ്പിനുമപ്പുറം ഞാൻ പൊള്ളികരിഞ്ഞുപോയത്, അതിനു മുകളിലെ പപ്പയുടെ മൊബൈൽ നമ്പറും, ചിത്രത്തിനൊപ്പം ചേർത്തുവിട്ട ചുവന്ന ചുണ്ടുകളുടെ സ്മൈലി അടയാളപ്പെടുത്തലുകളും കണ്ടിട്ടാണ്. ഹോസ്റ്റലിൽ അവളുടെ മുറിയിൽ കറങ്ങുന്നഫാനിനു താഴെ, മണിക്കൂറുകളോളം ഞാൻ നിശ്ചലയായി ഇരുന്നു. അനുവിന്റെ പ്രതികരണങ്ങളിൽ പെൻസിലിന്റെ കൂർത്തമുന ആദ്യം എന്‍റെ കവിളുകൾ മുറിച്ചു. അവൾ പിടിച്ചുലച്ചുപൊട്ടിച്ച എന്‍റെ തലമുടിയിഴകൾ, ബെഡിൽ ചിതറികിടന്നു. പ്രതിരോധങ്ങൾ ഒന്നുമില്ലാതെ ഞാൻ, അവളുടെ അണപൊട്ടിപ്പോയ കനൽ പ്രതിഷേധങ്ങൾ മുഴുവനേറ്റുവാങ്ങി നിശബ്ദയായി. എന്‍റെ വസ്ത്രങ്ങൾ കീറിയും ശരീരവും, മനസ്സും വല്ലാതെ മുറിഞ്ഞുമിരുന്നു. വേച്ചുവന്നു എന്‍റെ റൂമിലെ കട്ടിലിൽ വീഴുംവരെ, ഞാൻ കരഞ്ഞില്ല, പിന്നെ ഇരുട്ടിൽ ഞാൻ ഓരോന്നായി ഓർത്തുപെറുക്കിയെടുത്തു. പപ്പയുടെ അവളോടുള്ള അമിതവാത്സല്യങ്ങൾ. എപ്പോഴുമുള്ള അവളെക്കുറിച്ചുള്ള അന്വേഷണങ്ങൾ. അവളെ വീട്ടിലേക്കു കൂട്ടിവരുവാനുള്ള നിർബന്ധങ്ങൾ.എല്ലാം ഇരുട്ടിലും മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു പപ്പ. പിന്നെയും, പിന്നെയുമുള്ള എണ്ണമില്ലാത്ത കൂട്ടിക്കിഴിക്കലുകളിൽ, ഞാൻ എന്റെ മുറിവേറ്റ ചിന്തകളുമായി എങ്ങോട്ടെന്നില്ലാതെ തുരന്നു കയറിക്കൊണ്ടിരുന്നു പപ്പാ, നിങ്ങളുടെ നിരപരാധിത്വത്തിന്റെ കണികതേടി. വാതിലുകൾ ഓരോന്നായി വലിച്ചടക്കപെട്ടപ്പോൾ, പഴുത്തുപുകഞ്ഞ സത്യത്തെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു. നിലവിട്ട എന്‍റെ ശബ്ദങ്ങൾ പല്ലുകൾചേർത്തമർത്തി തലയണയുടെ പതുപതുപ്പിൽ ആഴ്ത്തിവെച്ചു. ആദ്യമായ് രാവേറുന്നതും ഇരുട്ടുനിറയുന്നതും ഞാൻ കണ്ടു ഒറ്റയ്ക്ക്, ഭയമില്ലാത്ത മരവിച്ച ഒരു മനസ്സുമായി. സമരസപെടാൻ എനിക്ക് ഏറെ പണിപ്പെടേണ്ടിവന്നു. എനിക്ക്, ഞാനുമായും അതുപോലെ അനുവുമായും. ക്ലാസിൽ, ലൈബ്രറിയിൽ, ഗാർഡനിൽ അനുനയങ്ങളുമായി ഞാൻ അനുവിന്റെ പുറകെനടന്നു. അപ്പോഴൊക്കെ കവിൾനനയുന്ന കണ്ണുനീര് കൈലേസു ചേർത്തൊതുക്കി ആരും കാണരുതെന്ന് നിർബന്ധത്തോടെ. ഇന്നലത്തെ രാവിലും നിങ്ങൾ പതിവുപോലെ എത്തിയിരുന്നു ഈ മുറിയിൽ. രാവേറെചെന്നപ്പോൾ പാർട്ടിയുടെ ആലസ്യതയും, ഇടറുന്നകാലടികളും ചേർത്തു 'പപ്പികുട്ടി'എന്ന വിളിയോടെ. സ്ഥാനം തെറ്റിപോകുന്ന ബ്ലാങ്കെറ്റു വലിച്ചിട്ടുപുതപ്പിക്കാൻ. വായിച്ചുറങ്ങിപോയ പുസ്തകം മടക്കിമാറ്റിയെടുത്തുവയ്ക്കാൻ. എ സി യുടെ തണുപ്പ് കൂട്ടിയിട്ടു നിറുകയിൽ മദ്യഗന്ധമുള്ള ഒരു മുത്തമിട്ടു ശുഭരാത്രി പറയാൻ. നിങ്ങളുടെ ഓരോ ചെയ്തികളിലും പുഴുക്കുത്തേറ്റപോലെ ഞാൻ പൊള്ളിപ്പിടഞ്ഞുകൊണ്ടിരുന്നു. ചുരുട്ടിപിടിച്ചു വലിച്ചുമുറുക്കിവച്ച കൈവിരലുകളിൽ നിയന്ത്രണങ്ങളുടെ താക്കോൽ ഏൽപ്പിച്ചു ഞാൻ ഉറക്കമഭിനയിച്ചുകിടന്നു നിങ്ങൾ വാതിൽചാരിപോകുവോളം. ഈ രാവിന്റെ അവസാനയാമത്തിൽ നിങ്ങൾ വൈകിയെ എത്തു എന്ന് മമ്മപറഞ്ഞു. ഇനിയൊരു പരീക്ഷണമില്ല പപ്പ. എന്‍റെ നിയന്ത്രണചരടുകൾ പൊട്ടിപോയാൽ അത് മമ്മയെക്കൂടി ബാധിക്കും എന്ന് ഞാൻ നന്നായി മനസ്സിലാക്കുന്നു. നിങ്ങളുടെ കണ്ണുകളിൽനോക്കി എന്‍റെ മനസ്സിന്റെ ശബ്ദമില്ലാത്ത അലർച്ചകൾ, എണ്ണിയെണ്ണി കുടഞ്ഞിടാനും ഞാൻ അശക്തയാണ്. പപ്പ, തിരിച്ചറിവുകൾ നല്ലതാണ്, എപ്പോഴും ഉണ്ടാവണം അതെന്നു, നിങ്ങൾ എന്നെ പഠിപ്പിച്ചു. ഞാൻ ഇന്നത് തിരിച്ചുപറയുന്നു, പൊട്ടിപോയ ഹൃദയത്തിൽനിന്നും. പരസ്പരം കെട്ടിപിടിച്ചു, എണ്ണമില്ലാത്ത അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ ക്ഷമാപണങ്ങളിൽ, തലോടിതീർത്ത സമാശ്വാസങ്ങളിൽ അനു, എന്നോട് ഏറെക്കുറെ സമരസപെട്ടു. ആരും അറിയില്ലെന്ന എന്‍റെ വഗ്‌ദാനത്തിലും,ആരെയും അറിയിക്കില്ല എന്ന അനുവിന്റെ വാക്കിലും. എന്‍റെ ഭാവമാറ്റത്തിന്റെ പൊരുൾതേടുന്നുണ്ട് മമ്മ. എനിക്കറിയാം മമ്മ ഒന്നുമറിഞ്ഞിട്ടില്ല,ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല. എന്‍റെ പതറിപോയ പല ഉത്തരങ്ങളിലും മമ്മ തൃപ്തയല്ലെന്നും എനിക്കറിയാം. മമ്മക്കു മുറിവേൽക്കാത്ത കാരണങ്ങൾ തേടിയെടുത്തു, മമ്മക്കു മനസിലാവുംവിധം പറഞ്ഞുകൊടുക്കേണ്ട ഭാരിച്ചശിക്ഷ ഞാൻ പപ്പക്ക് തരുന്നു. രാവിലെ സുപ്രഭാത ആശംസയുമായി ആദ്യം എത്തുന്ന പപ്പക്ക് കാണാൻപാകത്തിൽ, ഞാൻ ഈ കത്ത് മേശമേൽ ഘനമേറിയ മരകുരിശിനടിയിൽ വയ്ക്കുന്നു. പപ്പ, എനിക്ക് നിങ്ങളെ സ്നേഹിച്ചു കൊതിതീർന്നില്ല ഇതുവരെ, എങ്കിലും, ഇനി ആ മുഖത്തുനോക്കി സ്നേഹതരികൾ ചികഞ്ഞു, പപ്പയെന്നു ഹൃദയംനിറഞ്ഞു ഊഷ്മളതയോടെ വിളിക്കാൻ എനിക്കാവില്ല. ആ ദേഹത്തോടൊട്ടിനിന്നു പഴയപോലെ കൊഞ്ചികളിക്കാനും. മമ്മ തകർന്നടിയുമെന്നറിയാം എന്നെകുറിച്ചോർത്ത്, എങ്കിലും കാലം മുറിവുകളുണക്കും. മമ്മ ഒന്നുമറിയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മേശമേൽ വീണുകിടക്കുന്ന ഈ വെള്ള തുള്ളികൾ എന്‍റെ അവസാന കണ്ണുനീരാണ്. പപ്പ നാളെ ഇതിലൊന്ന് തൊട്ടുനോക്കണം, അപ്പോഴും ചൂടുണ്ടാവുമതിന്. അതിൽതൊട്ട് പപ്പക്കു കരയാം, പശ്ചാതപിക്കാം, തിരുത്താം ആവുന്നതൊക്കെ. പപ്പി ഒന്നും കൂടെകൊണ്ടുപോകുന്നില്ല. എത്ര വെറുത്താലും എനിക്ക് മറക്കാനാവാത്ത ചിലതുണ്ട്,അതിൽ നിങ്ങളും, മമ്മയും, മിഴിവോടെ നിറഞ്ഞുനിൽക്കുന്നു. നിങ്ങളെ, നിങ്ങളുടെ യൂഡിയുടെ ഗന്ധത്തെ, അരികുവെട്ടിയ കനത്തമീശയെ ഞാൻ ഇനിയും വെറുത്തു കൊണ്ട് തന്നെ സ്നേഹിക്കും അഗാധമായി. അവസാനമായി ഒന്നുകൂടി, എന്‍റെ കുഞ്ഞുനാളിലെ ആകാംഷയുടെ കുതിപ്പുകണ്ടുഭയന്നു, പണ്ട് പപ്പ കൊട്ടിയടച്ച വീടിന്റെ ചെറിയ പിൻഭിത്തി വർഷങ്ങൾക്കുശേഷം ആദ്യമായി ഞാനിന്നു മുറിച്ചു മറികടന്നു പോകുന്നു,അനുവാദം വാങ്ങാതെ. തൊട്ടുപോകുന്ന സമാന്തര തീവണ്ടി പാളങ്ങളിൽക്കൂടി നടക്കുവാൻ. പണ്ട് ഞാൻ കൊതിച്ചപ്പോഴൊക്കെയും, പപ്പ ഭയന്നുവിലക്കിയ ആഗ്രഹം. നിലാവിന്റെ തിരയിളക്കത്തിൽ ഈ ജനലിൽകൂടി കാണാനാവുന്നു തിളങ്ങുന്ന സമാന്തരപാളങ്ങൾ. പപ്പ പറഞ്ഞിട്ടില്ലേ കുഞ്ഞുനാളിൽ ഈ പാളങ്ങൾ സമാന്തരങ്ങളാണ്, ഒരിക്കലും കൂട്ടിമുട്ടില്ലായെന്നു. ഈ പാളങ്ങളിൽ കൂടി ഞാൻ ഇന്ന് നടക്കും, എല്ലാം ഒന്നുകൂടി അയവിറക്കി. നടന്നുതളരുമ്പോൾ, ഞാൻ തെളിയിക്കും, പാപ്പയുടെ ഒരു തെറ്റുകൂടി. എന്‍റെ ഉടൽകൊണ്ട് ഈ സമാന്തരങ്ങളെ ഞാൻ ബന്ധിപ്പിക്കും. സമാന്തരങ്ങളും കൂട്ടിമുട്ടുമെന്ന പുതുഅറിവ് പപ്പക്കുതരുവാൻ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എല്ലാം മായ്ച്ചുകളഞ്ഞു ഒന്നെന്നു തുടങ്ങുമ്പോൾ, പപ്പി വീണ്ടും ജനിക്കാം പപ്പയുടെ മകളായി. യൂഡിയുടെ ഗന്ധംനുകർന്ന്, അരികുവെട്ടിയ കനത്തമീശയിൽ വിരലോടിച്ചു, കവിളുകളിൽ ഉമിനീരുചേർത്തു ഉമ്മകൾ നൽകുന്ന കുഞ്ഞുപപ്പിയായി ഒന്നുകൂടി..... സ്വന്തം..... സോറി...തിരുത്തുന്നു, വെറും പപ്പി.
ഹരീഷ് മൂർത്തി
story tholpava