തിരുവനന്തപുരം: (piravomnews.in) വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത് കുതിക്കും. പാമ്പിനെ പരിക്കില്ലാതെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്കയക്കുക മാത്രമാണ് റോഷ്‌നിയുടെ ലക്ഷ്യം.
സൂക്ഷ്‌മമായ നീക്കങ്ങളിലൂടെ ശാസ്‌ത്രീയമായി ബാഗിനുള്ളിലാക്കാനുള്ള വനം വകുപ്പിന്റെ പരിശീലനം 2019ലാണ് ലഭിച്ചത്. പാമ്പിനെ പിടിക്കാൻ, ആഗ്രഹത്തോടൊപ്പം ഉള്ളിൽ ഒരിഷ്‌ടവും കൂടി ഉണ്ടായാൽമതിയെന്ന് പറയുന്നു റോഷ്‌നി.
ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് റീഡറായിരുന്ന ജി എസ് റോഷ്‌നി 2017ലാണ് ബീറ്റ്‌ഫോറസ്‌റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. പരുത്തിപ്പള്ളി ഫോറസ്‌റ്റ് ഓഫീസിൽ ആർആർടി (ദ്രുതകർമസേന) അംഗമാണ്. ഇതിനകം എണ്ണൂറിലധികം പാമ്പുകളെ പിടികൂടി.
ദിവസം അമ്പതോളം കോളുകൾ എത്തും. അധികവും നഗരങ്ങളിൽനിന്നാണ്. പേപ്പാറ അഞ്ചുമരുതുംമൂടുനിന്ന് പിടികൂടിയരാജവെമ്പാലയ്‌ക്ക് 20 കിലോയിലധികം ഭാരവും 18 അടിയോളം നീളവുമുണ്ട്. അണലിയെയും പെരുമ്പാമ്പിനെയും മൂർഖനെയുമൊക്കെ നിരവധി തവണ പിടികൂടിയിട്ടുണ്ടെങ്കിലും രജവെമ്പാല ആദ്യമാണ്.ടെൻഷനൊന്നുമില്ലാതെ കൂളായി പിടികൂടി.
ആറു മിനിറ്റിനുള്ളിലാണ് വലയിലാക്കിയത്. രാജവെമ്പാലയെ പിടികൂടുകയെന്നത് ദീർഘകാലമായുള്ള സ്വപ്‌നമായിരുന്നെന്ന് റോഷ്‌നി പറഞ്ഞു. സഹകരണ വകുപ്പ് സീനിയർ ഇൻസ്‌ട്രക്‌ടറായ ഭർത്താവ് സജിത് കുമാർ പ്രോത്സാഹനമായി ഒപ്പമുണ്ട്. ദേവനാരായണനും സൂര്യനാരായണനുമാണ് മക്കൾ.
When called, she immediately takes her vehicle and rushes....King cobra in net in 6 minutes; Roshni coolly catches it
