കഥ... ഗോപാലൻ്റെയൊരു ഭാഗ്യം
ഇവിടെയിങ്ങനെ കിടന്നാൽ ദൂരെ ചെമ്മൺറോഡുകടന്ന് പാടവരമ്പിലൂടെ നടന്നു വരുന്നവരെയെല്ലാം കാണാം. വീട് അല്പം ഉയരത്തിലായതു നന്നായി.ഉമ്മറത്തുള്ള തൻ്റെയീകിടപ്പു കാണാൻ എത്ര പേരാണ് എവിടെ നിന്നൊക്കെയാണ് എത്തുന്നത്.ഗോപാലന് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഒരു ചായക്കടക്കാരൻ്റെ മകന് ഇത്രയും ഭാഗ്യമോ... ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നോ ...ചായക്കടയിലെ കരിയും പുകയുമേറ്റ ജീവിക്കേണ്ടവൻ എങ്ങനെ ഈ നിലയിലെത്തി. കോയിക്കലെ നാണു നായർക്കും പത്നി ലീലയ്ക്കും കൂടിഅഞ്ചു പെൺമക്കളിൽ ഇളയവനായി ജനിച്ച ഒരേയൊരു'ആൺതരി . നാണുനായരുടെ അച്ഛൻ പരേതനായ ' 'ഗോപാലൻ നായരുടെ ഓർമ്മയ്ക്കായി ആണത്രെ സ്വന്തം മകന്ഗോപാലൻ എന്നു പേരിട്ടത്.അഞ്ചാം ക്ലാസ്സിലെ പുറകിലത്തെ ബഞ്ചിൽ തോറ്റു തല കുനിച്ചിരിക്കുമ്പോഴാണ് ജയിച്ചുവന്നവരിലും ഒരു ഗോപാലനുണ്ടെന്ന് അറിയുന്നത്. രണ്ടു ഗോപാലൻമാർ ഉള്ളതുകൊണ്ട് മാഷു തന്നെ "വെളുത്ത ഗോപാലനെന്നു " വിളിച്ചു.
പിന്നെപ്പിന്നെ ആ പേരിനോട് വെറുപ്പു തോന്നിയെങ്കിലും പത്താം തരത്തിലെത്തിയപ്പോൾ കിഴക്കേതിലെ ശാന്തമ്മ' 'ഗോപു " എന്ന ചുരുക്കപ്പേരു വിളിച്ചതും കോൾമയിർക്കൊണ്ടതുമൊക്കെ ഓർമ്മയിൽ തെളിയുന്നു. പഠിത്തം നിർത്തി വീട്ടിലിരിക്കുമ്പോൾ അമ്മയുടെ വക ശകാരങ്ങൾ " എടാഗോപാലാ... . ഇങ്ങനെ തെണ്ടി നടക്കാതെ അച്ഛനെ ഒന്നു സഹായിക്കാൻ പാടില്ലേ. താനതു കേട്ട ഭാവം നടിച്ചില്ല.കാരണം അച്ഛനെപ്പോലെ വെളുപ്പിനെണീറ്റ് കുളത്തിൽ മുങ്ങി കരിയുംമഞ്ഞളും മുളകും പടർന്നു പിടിച്ച ഒറ്റമുണ്ട് പിഴിഞ്ഞുടുത്ത് തീയടുപ്പിനു ചോട്ടിൽ നിന്ന് ചായയടിച്ച് പലഹാരമുണ്ടാക്കി വിളമ്പി അന്തിയാകുംവരെ ചായക്കടയിൽ നിൽക്കാൻ ഗോപാല നെകിട്ടില്ല.. തനിക്ക് പത്തുമണിക്കുണർന്ന് വയറുനിറച്ചെന്തെങ്കിലും കഴിച്ച് കടയിലെ പെട്ടിയിൽ നിന്ന് കാലണയും എടുത്ത് സ്ഥലം വിടണം. കവലയിലെ മാധവൻ്റെ കടയിലെതെറുപ്പു ബീഡിയും വലിച്ച് കൂട്ടുകാരൻ കരുണനുമൊത്ത് കലുങ്കിലിരുന്നു സൊറ പറയണം. " ഇങ്ങനെ നടന്നാൽ നിനക്കൊരു പെണ്ണിനെ കിട്ടുമോ ?" അമ്മയുടെ ആവലാതി കേട്ടപ്പോൾ ചിരിയാണു വന്നത്. മുറപ്പെണ്ണു ജാനു ഈയിടെയായി മുട്ടിയുരുമ്മലും കിന്നരിക്കലും കൂടുതലാണ്. ചാരിത്രത്തിൻ്റെ മഹാത്മ്യത്തെക്കുറിച്ച് ഒരു തത്ത്വചിന്തകനെപ്പോലെ അവളോടു പറയുമ്പോൾ ആരാധനയോടെ നോക്കി അവൾ പറയും "എനിക്ക് അതൊന്നും വേണ്ട ചേട്ടാ ...ഒരു ജീവിതം തരൂ.,, " എന്നുപറഞ്ഞവൾ ചെയ്തത് എന്താണ്.. പൊക്കിളിനൊപ്പം മുട്ടുന്ന സ്വർണ്ണമാലയുമിട്ടു നടക്കുന്ന ഷാപ്പുടമ രാജപ്പനെ കണ്ടപ്പോൾ പെണ്ണിൻ്റെ മനസ്സു മാറി. അവളാണ് ഇപ്പോൾ കള്ളക്കണ്ണീരൊലിപ്പിച്ച് വന്നു നിൽക്കുന്നത്. പുല്ലുചെത്തുകാരി കറുത്ത സാവിത്രിയും കെട്ടിയോനും ഭവൃതയോടെ തന്നെ നോക്കിഅകന്നു നിൽക്കുന്നു. അവളുടെ മുഖം കണ്ടാലറിയാം ഉള്ളിലെ സങ്കടം. തൻ്റെ വെളുത്ത നിറം മാത്രമല്ല തന്നെയും അവൾക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നല്ലോ. " പുല്ലുചെത്തി പടിഞ്ഞാറപ്പുറത്തു കൊണ്ടിട്ട് അവൾ വിളിക്കും".തമ്പ്രാട്ടി... ഒരിറ്റു കഞ്ഞി വെള്ളം തായോ" .. അപ്പോൾ അമ്മ പറയും "യ്യോ സാവിത്രിയേ.. ഇപ്പം ഞാനത് പയ്യിൻ്റെ കലത്തിൽ ഒഴിച്ചതേയുള്ളു" ... അതാ പോലും ഇന്ന് അരി ഇല്ലാത്ത കൊണ്ട് കഞ്ഞി വെച്ചില്ലന്ന് തനിക്കല്ലേ അറിയു" പിന്നാമ്പുറത്തെത്തുന്ന തന്നെ ഒളികണ്ണിട്ട് നോക്കുന്ന അവൾക്ക് ഏഴഴകുണ്ടെന്ന് തോന്നിച്ചത് ചായ്പിലെ മണ്ണിൽ ഉരുണ്ടു പിരണ്ടു ഒട്ടി കിടന്നപ്പോഴാണ്. "ൻ്റെ കുടീലേക്ക് പോര് തമ്പ്രാ. :. അവിടെ' തഴപ്പായുണ്ട് '... തമ്പ്രാൻ്റെ വെളുത്തു തുടുത്ത ദേഹത്ത് മണ്ണുപുരളില്ല" ... എന്ന് ഇടയ്ക്ക് അവൾ പറയും.തൻ്റെ വെളുപ്പിനോട് അവൾക്ക് അത്ര പ്രിയമായിരുന്നു. പാവം ,.സങ്കടമാണ് അവൾക്ക്. മുറ്റംനിറയെ ആളുകൾ നിറഞ്ഞിരിക്കുന്നു. തിരക്കിട്ട് നടന്നു വരുന്നത് സാബുവല്ലേ.,, അതെ, തനിക്ക് ഏറ്റവും ഇഷ്ടമായയും സാബുവിൻ്റെ പശ മുക്കി അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് ഡയറിയും കക്ഷത്തിൽ വച്ചുള്ള ധൃതി പിടിച്ച നടത്തം തന്നെയാണ്. നേതാവ് രാജൻ്റെ കാറിലിരുന്നു പോകുമ്പോൾ അവൻ്റെയൊരു ഗമ... തനിക്കും ഇങ്ങനെയാകാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴല്ലേ സാബുവിൻ്റെ ക്ഷണം. ഒപ്പം കൂടി രാജൻ്റെ കാറിൽ തനിക്കും സീറ്റുകിട്ടി. തന്നെയും നാലു പേരറിയാൻ തുടങ്ങി. കൂട്ടുകാരൻ കരുണൻ എത്ര വിലക്കി." അവർ ചതിയൻമാരാണ് നമുക്കതു വേണ്ടഗോപാലാ " താനതൊന്നും ചെവിക്കൊണ്ടില്ല.കരുണന് അസൂയയാണെന്ന് താൻ പറഞ്ഞു . ഇലക്ഷൻ അടുത്തു .
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോഴല്ലേ താൻശരിക്കും അന്തംവിട്ടത്. ഇത്രയും നാളും നടന്നിട്ട് സാബുവിനു കിട്ടാത്ത ഭാഗ്യം. എന്നാൽ അവന് അങ്ങനെയുള്ള കുശുമ്പില്ല. "നീ ഒന്നുമറിയണ്ട ഗോപാലാ ..നിന്നെ ജയിപ്പിക്കുന്ന കാര്യം ഞങ്ങളുടേതാണെന്നും പറഞ്ഞ് ഒപ്പം നിന്നു പ്രചാരണ വേളകളിലെല്ലാം. പിന്നെ ഒരു സ്വകാര്യവും' "ഗോപാലാ ഇത് നേതാവിൻ്റെ മകനു വേണ്ടി മാറ്റിവച്ച സീറ്റാ. പക്ഷേജനശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് സാധാരണക്കാരാനായ നിന്നെ നിർത്തിയത് . പാർട്ടിക്ക് ജനങ്ങളെ ആകർഷിക്കാനും പ്രസ്ഥാനം നിലനിൽക്കാനുംവേണ്ടി ഇതേവഴിയുള്ളു. " ആത്മാഭിനം തിങ്ങി നിറഞ്ഞ് ഗോപാലൻ തലയുയുർത്തിപ്പിടിച്ച് നടന്നു. നാട്ടുകാർ തന്നെയാണു ശ്രദ്ധിക്കുന്നതെന്ന തോന്നലുകൾ വന്നു തുടങ്ങി. മകൻ്റെ മാറ്റത്തിൽ ഏറെ സന്തോഷം അമ്മയ്ക്കാണ്. അച്ഛനോടെ അമ്മയ്ക്ക് ഏതു നേരവും ഒന്നേ പറയാനുള്ളു: " ശങ്കരൻ കണിയാൻ ജാതകം എഴുതിയാൽ വെറുതെയാകില്ല. എൻ്റെ ഗോപാലന് രാജയോഗംവരെപറഞ്ഞിട്ടുണ്ടതിൽ ..... ഭാഗ്യജാതകമല്ലേ ".... ഈയിടെയായി ചായക്കടയിലും നല്ലതിരക്ക് കാര്യങ്ങൾ ചർച്ചചെയ്യാനെത്തുന്നവർ ചായ മൂന്നോ നാലോ കുടിക്കും. കാശിടുന്ന പെട്ടിയ്ക്കിപ്പോൾ നല്ല ഐശ്വര്യം. ത്വരിതഗതിയിൽ പ്രചരണം നടക്കുന്നതിനിടയിൽ ഇന്നലെ എന്താണ് സംഭവിച്ചത്. രാത്രിയിൽ നേതാവിൻ്റെ വീട്ടിലെ സൽക്കാരം കഴിഞ്ഞു നടന്നുവരുമ്പോൾ എതിരെ വന്ന ഏതോ വാഹനത്തിൻ്റെ വെളിച്ചം കണ്ണിൽ കുത്തിയതോർമ്മയുണ്ട് പിന്നെ ആരോ പതുക്കെ പറയുന്നു. "തീർന്നു കിട്ടി ഭാഗ്യം" "എവിടെയോ കേട്ട ശബ്ദം പോലെ.. സാബുവല്ലേ അത്.... ഏയ് നമ്മുടെ ആളല്ലേ .. " ൻ്റെ കുട്ടിക്ക് ഇവിടത്തെ തെക്കേപ്പറമ്പിലുംകിടക്കാൻ യോഗമില്ലാണ്ടു പോയല്ലോ." അമ്മ നേതാവു രാജനോട് പതം പറഞ്ഞു കരയുന്നു . "അതൊന്നും നടക്കില്ല ഇലക്ഷൻ അടുത്ത സമയമാണ് പ്രതിപക്ഷം ബഹളമുണ്ടാക്കും പരിസ്ഥിതി പ്രശ്നമുന്നയിച്ച് " ".അയാളുടെ മറുപടി കേട്ടിട്ട്അമ്മ പിന്നേയും എന്തൊക്കെയോ പറയുന്നു. ആരും അതൊന്നും കേൾക്കുന്നില്ല. നെഞ്ചത്തടുക്കിയ റീത്തിൻ്റെ ഭാരം തനിക്കും ശ്വാസം മുട്ടുന്നു. കറുത്ത കൊടി കെട്ടിയ ആംബുലൻസിൽ മലർന്നുകിടക്കുമ്പോഴാണ് റോഡരികിലെല്ലാം തൻ്റെ വലിയ ഫോട്ടോ മാലയണിയിച്ചു നിരത്തി വച്ചിരിക്കുന്നത് കണ്ടത് ചായക്കടക്കാരൻ നാണുവിൻ്റെ മകൻ ഗോപാലന് അഭിമാനിക്കാനും, നിർവ്യതിയടഞ്ഞിങ്ങനെ കിടക്കാനും ഇതിൽപ്പരം ഭാഗ്യം വേറെന്താണ് .
സുജാത ബാബു
story Gopalanteoru bhagyam