---
title: "#drugcases | കൊച്ചി നഗരത്തിൽ മൂന്നു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 727 മയക്കുമരുന്ന്‌ കേസുകൾ"
english_title: "727 #drugcases were #registered in #Kochi #city within three #months"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197959/727-drugcases-were-registered-in-kochi-city-within-three-months"
published_at: "2024-04-10T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66160cef888b8_drugs.jpg"
keywords: []
---

# #drugcases | കൊച്ചി നഗരത്തിൽ മൂന്നു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 727 മയക്കുമരുന്ന്‌ കേസുകൾ

> **Lead Summary:** **കൊച്ചി : ** കൊച്ചി നഗരത്തിൽ സിറ്റി പൊലീസ്‌ മൂന്നു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 727 മയക്കുമരുന്ന്‌ കേസുകൾ.

## Article Content

**കൊച്ചി : ** കൊച്ചി നഗരത്തിൽ സിറ്റി പൊലീസ്‌ മൂന്നു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 727 മയക്കുമരുന്ന്‌ കേസുകൾ.

നാർകോട്ടിക്‌ സെല്ലിന്റെ കണക്കുകൾപ്രകാരം ജനുവരിമുതൽ മാർച്ചുവരെയുള്ള കണക്കാണിത്‌. 447 കേസ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചതിനാണ്‌. മറ്റുള്ളവ വിൽപ്പനയും അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ടവ. മയക്കുമരുന്ന്‌ കേസുകളിൽ കൂടുതലും എംഡിഎംഎയാണ്‌.

യുവാക്കൾ കൂടുതൽ ഉപയോഗിക്കുന്നത്‌ എംഡിഎംഎയാണെന്ന്‌ നാർകോട്ടിക്‌ സെൽ പറയുന്നു. ശരീരത്തിന്‌ കൂടുതൽ ഊർജം കിട്ടുമെന്നുള്ള തെറ്റിദ്ധാരണയാണ്‌ ഇതിന്‌ കാരണം. ബംഗളൂരുവിൽനിന്നാണ്‌ എംഡിഎംഎ കൂടുതലായി എത്തുന്നത്‌.

കൊച്ചിയിൽനിന്ന്‌ എംഡിഎംഎ വാങ്ങാൻ ബംഗളൂരുവിലെത്തുന്നവരുടെ ഫോണിലേക്ക്‌ അവിടെയുള്ള ഏജന്റുമാർ ഗൂഗിൾ മാപ്പ്‌ ലൊക്കേഷൻ അയച്ചുകൊടുക്കും. ഏജന്റ്‌ ലൊക്കേഷനിലുള്ള സ്ഥലത്തെത്തി എംഡിഎംഎ അതീവ രഹസ്യമായി കൈമാറുകയാണ്‌ പതിവ്‌.

കഴിഞ്ഞവർഷം ജനുവരിമുതൽ മാർച്ച്‌ വരെയുള്ള കണക്കുപ്രകാരം 854 കേസുകൾ രജിസ്‌റ്റർ ചെയ്തു. ഇതിൽ 592 എണ്ണം മയക്കുമരുന്ന്‌ ഉപയോഗിച്ചതിനാണ്‌. 2023ൽ കൊച്ചി സിറ്റി പൊലീസ്‌ ആകെ രജിസ്‌റ്റർ ചെയ്‌തത്‌ 5300 മയക്കുമരുന്ന്‌ കേസാണ്‌.

ഇതിൽ 3944 എണ്ണം മയക്കുമരുന്ന്‌ ഉപയോഗിച്ചതിനാണ്‌. 1959 ഗ്രാം എംഡിഎംഎയും 326 കിലോ കഞ്ചാവും 283 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചു.

കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സ്ഥലങ്ങളെ ബ്ലാക്ക്‌ സ്‌പോട്ടുകളായി സിറ്റി പൊലീസ്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. 23 സ്‌റ്റേഷൻ പരിധികളിലായി 59 ബ്ലാക്ക്‌ സ്‌പോട്ടുകളുണ്ട്‌. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലുമാണ്‌ കൂടുതൽ–- അഞ്ചെണ്ണംവീതം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197959/727-drugcases-were-registered-in-kochi-city-within-three-months)