അങ്കമാലി : (piravomnews.in) അങ്ങാടിക്കടവ് റെയിൽവേ ഗേറ്റിനുസമീപം അടിപ്പാത നിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബുധൻ രാത്രി ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ഇന്റർസിറ്റി എക്സ്പ്രസ് അടക്കം വടക്കോട്ട് പോകേണ്ട ട്രെയിനുകൾ അങ്കമാലി റെയിൽവേ സ്റ്റേഷനിലും തെക്കോട്ടുള്ള ട്രെയിനുകൾ കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും പിടിച്ചിട്ടു.
അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ ബുധൻ രാത്രി 8.15 ഓടെയാണ് അപകടം. രണ്ട് മാസംമുമ്പാണ് അങ്ങാടിക്കടവിൽ ആധുനികരീതിയിലുള്ള അടിപ്പാത നിർമാണം ആരംഭിച്ചത്. ട്രാക്കിലേക്ക് മണ്ണ് വീഴുന്നതിനിടെ മിനിറ്റുകൾ വ്യത്യാസത്തിന് രണ്ട് ട്രെയിനുകൾ കടന്നുപോയെങ്കിലും തലനാരിഴയ്‌ക്ക് അപകടമൊഴിവായി.
പ്രദേശവാസിയായ യുവാവ് ഉടനെ സംഭവം റെയിൽവേ അധികൃതരെ അറിയിച്ചു. തുടർന്നാണ് ഇരുഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. ഒരു മണിക്കൂർ കഴിഞ്ഞാണ് യാത്രക്കാർ സംഭവം അറിഞ്ഞത്. ഒരു ട്രാക്കിലൂടെ മാത്രം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
#Landslide at #Angamali #Angadikadav #disrupted #train #traffic