തിരുവനന്തപുരം: (piravomnews.in) മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്.തിരുവനന്തപുരം പെരുങ്കടവിള ജംഗ്ഷനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവര്‍ അനീഷ് ഓടിച്ച കാറാണ് ദമ്പതികളെ ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പെരുങ്കടവിളയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോ റിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷമാണ് പെരുങ്കടവിളയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിനെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത പലചരക്ക് കടയിലേക്ക് നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് കയറി. പിന്നാലെ നിയന്ത്രണം വിട്ട കാർ തെളളുക്കുഴി സ്വദേശികളായ സജീവും ആതിരയും സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികളുമായി ഓടി രക്ഷപെട്ടു.
അനീഷിന്‍റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പൊലീസുകാരാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റെഡിയിലെടുത്തു.
പൊലീസ് ട്രെയിനിംഗ് കോളേജിന്‍റെ സ്റ്റിക്കര്‍ അപകടസമയം കാറിലുണ്ടായിരുന്നെന്നും,എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷം കാറില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തു എന്നും പരാതിയുണ്ട്. അപകടത്തിൽ കേസെടുത്ത മാരായമുട്ടം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പൊലീസുകാരല്ല എന്ന കണ്ടെത്തലിലാണ്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Couple seriously injured after being hit by drunk policeman's vehicle
