വൈപ്പിൻ : (piravomnews.in) മൂന്ന് സ്ത്രീകളെയും ഒരു കുട്ടിയെയും വെളിയിലാക്കി വീട് പൂട്ടി താക്കോലുമായി ഫിനാൻസ് സ്ഥാപനം സ്ഥലംവിട്ടു. വെള്ളി ഉച്ചയോടെ കാളമുക്ക് മാളിയംവീട്ടിൽ പരേതനായ ജീവൻദാസിന്റെ ഭാര്യയെയും മക്കളെയുമാണ് മണപ്പുറം ഫിനാൻസിന്റെ കടവന്ത്ര ശാഖാ ഉദ്യോഗസ്ഥർ പൊലീസുമായെത്തി വീട് ഒഴിപ്പിച്ചത്.
എളങ്കുന്നപ്പുഴ പഞ്ചായത്ത് 14–--ാംവാർഡിലാണ് സംഭവം. വീടുനിർമാണത്തിനായി എടുത്ത വായ്പയിൽ ബാക്കി ഉടൻ നൽകണമെന്ന ആവശ്യവുമായി പലതവണ ഫിനാൻസുകാർ വന്നതായി ട്രീസ പറഞ്ഞു. അഞ്ചരലക്ഷം രൂപ വായ്പ എടുത്തതിൽ നാലരലക്ഷം തിരിച്ചടച്ചു.

എന്നാൽ, ആറുലക്ഷംകൂടി അടയ്‌ക്കണമെന്നാണ് ഫിനാൻസുകാർ പറയുന്നത്. മാസം 8850 രൂപ അടയ്‌ക്കണം. ഭർത്താവിന്റെ മരണശേഷം ഹോട്ടലുകളിൽ ജോലി ചെയ്താണ് ട്രീസ കുടുംബം പുലർത്തിയത്. ഇതിനിടെ അസുഖബാധിതയായതോടെ വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാതെയായി.
ട്രീസ, സഹോദരി ജൂലി, ട്രീസയുടെ മകൾ ഷിനി, ഷിനിയുടെ മകൻ ആരവ് എന്നിവരാണ് പണി പൂർത്തിയാകാത്ത ചെറിയ വീട്ടിൽ കഴിയുന്നത്. ആരവ് ശാരീരിക അവശതകൾ അനുഭവിക്കുന്ന കുട്ടിയാണ്.ജപ്തിവിവരം അറിഞ്ഞ് വെള്ളി വൈകിട്ട് വീട്ടിലെത്തിയ സിപിഐ എം പ്രവർത്തകർ ലോക്കൽ സെക്രട്ടറി എം പി പ്രശോഭിന്റെ നേതൃത്വത്തിൽ പിന്നിലെ വാതിൽ തുറന്ന് കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചു.
അതുവരെ കനത്ത മഴയിൽ വീടിന്റെ കോലായിൽ കഴിയുകയായിരുന്നു ഈ കുടുംബം. ശനി രാവിലെ ഈ വീട്ടിലെത്തിയ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ കുടുംബത്തെ വഴിയാധാരമാകാതെ സംരക്ഷിക്കുമെന്ന് പറഞ്ഞു. തുടർച്ചയായി ഭക്ഷ്യ കിറ്റുകൾ എത്തിച്ചുനൽകും. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. എം പി പ്രശോഭ്, പി കെ ബാബു, ക്ലാര സൈമൺ, ബിന്ദു വേണു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Three women and a child were taken outside; housing finance company evacuated
