കോതമംഗലം : (piravomnews.in) നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷനും സിപിഎം മലയിൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാറ്റ് കെ.വി. തോമസ് (58) സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ.
പത്താം ക്ലാസ് വിദ്യാർഥിനിയെ 2024 മാർച്ച് മുതൽ നഗരസഭാ ഓഫിസിലും മറ്റു വിവിധയിടങ്ങളിലുംവച്ചു കടന്നുപിടിക്കുകയും ഫോണിൽ ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.

ശല്യം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി ബന്ധുവിനോടു വിവരം പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഎം കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും 8–ാം വാർഡ് കൗൺസിലറുമാണ്.
3–ാം വട്ടമാണു കൗൺസിലറായി തുടരുന്നത്. ബന്ധുവായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻപു പ്രതിയായിട്ടുണ്ട്. പോക്സോ കേസിൽ പെട്ടതോടെ സമ്മർദത്തിലായ സിപിഎം കെ.വി. തോമസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. നഗരസഭാ കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയതായും ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.
CPM branch secretary arrested in POCSO case
