അങ്കമാലി: ( piravomnews.in ) ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി. ഇടുക്കി തോപ്രാംകുടി നെല്ലാനിക്കൽ വീട്ടിൽ തങ്കച്ചന്‍റെ (തങ്കച്ചൻ നാരായണൻ) മകൻ അഭിജിത്താണ് (24) മരിച്ചത്.
കുന്നുകര ചുങ്കം ഭാഗത്തെ റൂഫിങ് കമ്പനിയിലെ (ലേസർ ലൈറ്റ്) സൂപ്പർവൈസറായ അഭിജിത്ത് അങ്കമാലിയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന്‍റെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. അവശനിലയിലായ അഭിജിത്തിനെ ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വരുകയാണ്. അഭിജിത്ത് അവിവാഹിതനാണ്. അമ്മ: ജലജ. സഹോദരങ്ങൾ: ആര്യമോൾ, അർച്ചന.
Young biker dies after being hit by container lorry
